വില കുത്തനെ കുറഞ്ഞു; റബർ ലാറ്റക്‌സ്‌ വ്യാപാരത്തിനും തിരിച്ചടി

Share our post

ഇരിട്ടി: വില കുത്തനെ കുറഞ്ഞതോടെ റബർ ലാറ്റക്‌സ്‌ വ്യാപാരത്തിനും തിരിച്ചടി. ഷീറ്റടിച്ച്‌ ഉണക്കി ഗ്രേഡ്‌ ഷീറ്റാക്കി വിൽക്കുന്നതിലെ പ്രയാസം ഒഴിവാക്കാൻ കർഷകർ ലാറ്റക്സ്‌ അതേപടി വിൽക്കുന്ന പതിവ്‌ വ്യാപകമായിരുന്നു. വില കുറഞ്ഞതോടെ ലാറ്റക്‌സ്‌ സംഭരിക്കുന്ന വ്യാപാര മേഖലകളും ഇപ്പോൾ സജീവമല്ല. ഇതോടെ ചെറുകിട കൃഷിക്കാർ ഷീറ്റടിക്കാൻ തുടങ്ങി.

ആറളം ഫാമിൽ നേരത്തെമുതൽ ലാറ്റക്‌സാണ്‌ നൽകുന്നത്‌. വിവിധ ബ്ലോക്കുകളിലായി 45,000 മരം ടാപ്പ്‌ ചെയ്യുന്ന പ്രമുഖ പൊതുമേഖലയാണ്‌ ആറളം ഫാം. നേരത്തെ ഒരു കിലോ ലാറ്റക്‌സിന്‌ 110 രൂപ വരെ കിട്ടിയ സ്ഥാനത്ത്‌ നിലവിൽ 75–- 80 രൂപയ്‌ക്കാണ്‌ വിൽപ്പന. ഫാമിന്റെ വരുമാനം കുത്തനെ കുറയാൻ ഇത്‌ ഇടയാക്കി. ശരാശരി ഏഴ്‌ ടൺ വീതം ലാറ്റക്‌സ്‌ പ്രതിദിനം വിൽക്കാൻ ശേഷിയുള്ള സ്ഥാപനമാണ്‌ ആറളം ഫാം.

കഴിഞ്ഞ വർഷം നവംബറിൽ 183 രൂപ വരെ ഗ്രേഡ്‌ ഷീറ്റിന്‌ ലഭിച്ചിരുന്നു. 143 രൂപയാണ്‌ നിലവിൽ ഗ്രേഡ്‌ ഷീറ്റിന്‌ വില. ഈ വർഷം ഏപ്രിലിൽ 166, ആഗസ്‌തിൽ 167, ജൂലൈയിൽ 176 രൂപ വീതം ലഭിച്ചിരുന്നു. വില പിന്നീട്‌ താഴ്‌ന്നു.
ചൈന റബർ വാങ്ങുന്നതിൽനിന്ന്‌ പിന്നോട്ട്‌ പോയതാണ്‌ വില കുറയാൻ മുഖ്യകാരണമെന്ന്‌ ഇരിട്ടിയിലെ മലഞ്ചരക്ക്‌ വ്യാപാരികൾ പറഞ്ഞു. ലാറ്റക്‌സ്‌ കൂുടതൽ കയറ്റിപ്പോയിരുന്നത്‌ ചൈനയിലേക്കായിരുന്നു.

ഇതര രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും കുറഞ്ഞു. ഇന്ത്യയുടെ ഇറക്കുമതി നയവും വിപണിയെ ദുർബലപ്പെടുത്തി. തുടർച്ചയായ മഴയും കൃഷിക്ക്‌ തിരിച്ചടിയായി. മഴ പിൻവാങ്ങിയതോടെ വില ഉയരുമെന്ന പ്രതീക്ഷയിലാണ്‌ വ്യാപാരികളും കർഷകരും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!