ബ്രൗണ്‍ ഷുഗറുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

തലശേരി: ലഹരിവസ്‌തുക്കളും പണവുമായി ദമ്പതികളടക്കം മൂന്നുപേരെ തലശേരി പോലീസ് അറസ്‌റ്റ് ചെയ്‌തു. തലശേരി മട്ടാമ്പ്രം കുമ്പളപ്പുറത്ത് ഹൗസിൽ കെ പി യൂനുസ് (33), ഭാര്യ റഷീദ (30), എടക്കാട് കുറ്റിക്കകം ഒടോൻ ഹൗസിൽ വി പി സുജീഷ് (29) എന്നിവരാണ് പിടിയിലായത്. 108 ഗ്രാം ബ്രൗൺഷുഗറും 52 ഗ്രാം ഓപ്പിയവും 49,000 രൂപയും ഇവരിൽനിന്ന് കണ്ടെടുത്തു. ലഹരിവസ്‌തുക്കൾ യൂനുസിന്റെയും സുജീഷിന്റെയും ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു.
റഷീദയുടെ കെെയിൽനിന്നാണ് 49,000 രൂപ പിടിച്ചത്. വെള്ളി രാവില എട്ടരക്ക് നേത്രാവതി എക്‌സ്‌പ്രസിൽ മുംബൈയിൽനിന്നെത്തിയ സംഘത്തെ റെയിൽവേ സ്‌റ്റേഷൻ പരിസരത്തുനിന്നാണ് കസ്‌റ്റഡിയിലെടുത്തത്.
തലശേരി ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ തേടിയുള്ള റെയ്‌ഡിനിടെയാണ് ലഹരി സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ലൊക്കേഷൻ പരിശോധനയിൽ യൂനുസ് മുംബൈയിലാണുള്ളതെന്ന് വ്യക്തമായി.
നേത്രാവതി എക്‌സ്‌പ്രസിൽ മടങ്ങി വരുന്നതായി മനസിലാക്കി സ്‌റ്റേഷനിൽ കാത്തുനിന്നാണ് പിടിച്ചത്. മുംബൈയിൽനിന്നാണ് ബ്രൗൺഷുഗറടക്കമുള്ള ലഹരിവസ്‌തുക്കൾ എത്തിച്ചത്. സ്ഥിരം ലഹരിവിൽപ്പനക്കാരനാണ് യൂനുസെന്ന് പോലീസ് പറഞ്ഞു.കണ്ണൂർ സിറ്റി പൊലീസിന്റെ ലഹരിവിരുദ്ധ സേനയും എ.എസ്.പിയുടെ സ്‌ക്വാഡും തലശേരി പൊലീസും നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ കുടുങ്ങിയത്.
പ്രിൻസിപ്പൽ എസ്.ഐ .സി .ജയൻ, എസ്.ഐ. ഷിമിമോൾ, എ.എസ്.പി. സ്‌ക്വാഡ് അംഗങ്ങളായ ശ്രീജേഷ്, സുജേഷ് എന്നിവരും സംഘത്തിലുണ്ടായി. പരിശോധനയ്ക്കിടെ റഷീദ ബോധരഹിതയായതിനെ തുടർന്ന് ജനറൽ ആസ്പത്രിയിൽ ചികിത്സ നൽകി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.