തലശ്ശേരി ഇരട്ടക്കൊലക്കേസ്, ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

Share our post

തലശ്ശേരി :ഇരട്ടക്കൊലപാതക കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ലഹരിമാഫിയ ബന്ധത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താനാണിത് എന്നാണു വിശദീകരണം. നിട്ടൂർ ഇല്ലിക്കുന്നിലെ സി.പി.എം പ്രവർത്തകരായ‍ ത്രിവർണയിൽ കെ.ഖാലിദ് (52), സഹോദരീ ഭർത്താവ് പൂവനായി ഷമീർ (40) എന്നിവരെ ദേശീയപാതയിൽ വീനസ് കോർണറിൽ കുത്തിക്കൊലപ്പെടുത്തിയെന്ന കേസ് ക്രൈംബ്രാഞ്ച് എസി.പി. കെ.വി.ബാബു ആണ് ഇനി അന്വേഷിക്കുക.

കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവ് ഇറങ്ങിയതിനെത്തുടർന്ന് ലോക്കൽ പോലീസിൽനിന്നു രേഖകളെല്ലാം ക്രൈംബ്രാഞ്ച് ഏറ്റുവാങ്ങി. കേസിലെ ആറാം പ്രതി വടക്കുമ്പാട് പാറക്കെട്ട് പി.അരുൺകുമാർ (38), 7-ാം പ്രതി പിണറായി പുതുക്കുടി ഹൗസിൽ ഇ.കെ.സന്ദീപ് (38) എന്നിവരെ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഒരു ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു.

ചോദ്യംചെയ്യലിനു ശേഷം തിരിച്ചു കോടതിയിൽ ഹാജരാക്കി. കൃത്യം നടത്തിയ ശേഷം ഒന്നാം പ്രതി പാറായി ബാബുവിനു കർണാടകയിലേക്കു കടക്കാൻ വാഹനം ഏർപ്പാടാക്കുകയും കൂടെ സഞ്ചരിച്ചു സഹായിക്കുകയും ചെയ്തത് ഇവരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

കൂടുതൽ ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിൽ ലഭിക്കുന്നതിനു തലശ്ശേരി പോലീസ് കോടതിയിൽ ഹർജി നൽകിയിരുന്നു. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത സാഹചര്യത്തിലാണ് പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്. 23നു വൈകിട്ട് 3.55നു ദേശീയപാതയിൽ വീനസ് കോർണറിലായിരുന്നു സംഭവം.

7 പേരാണു പ്രതികൾ. മുഖ്യപ്രതി പാറായി ബാബു ഉൾപ്പെടെ കേസിലെ മിക്ക പ്രതികളും സി.പി.എം ബന്ധമുള്ളവരാണ്. പ്രദേശത്തെ ലഹരി വിൽപനയ്ക്കെതിരെ പ്രവർത്തിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു കേസ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!