കാർഷിക മേഖലയിലെ സമഗ്ര പഠനവുമായി കൃഷിയിട സന്ദർശനം

പിണറായി: തലശേരി ബ്ലോക്ക് പഞ്ചായത്തിലെ കാർഷിക മേഖലയിലെ സമഗ്രപഠനവുമായി കൃഷിയിട സന്ദർശനം. ബ്ലോക്ക് കൃഷിദർശൻ പരിപാടിയുടെ ഭാഗമായാണ് 45 കൃഷിയിടങ്ങളിൽനിന്ന് വിവരശേഖരണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ബ്ലോക്ക് പഞ്ചായത്തിലെ കാർഷിക മേഖലയിൽ ആവശ്യമായ മാറ്റങ്ങൾ നടപ്പാക്കും.
കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, കാർഷിക സർവകലാശാല ശാസ്ത്രജ്ഞർ, മറ്റ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കാർഷിക ബിരുദ വിദ്യാർഥികൾ, ഫിഷറീസ്, മൃഗസംരക്ഷണം, വെറ്ററിനറി, ഡയറി തുടങ്ങിയ അനുബന്ധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ 45 അംഗങ്ങളുള്ള അഞ്ച് സംഘങ്ങളാണ് കൃഷിയിടങ്ങൾ സന്ദർശിച്ചത്. കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, കൃഷി അനുഭവങ്ങൾ, നിർദേശങ്ങൾ എന്നിവയാണ് കൃഷിയിടങ്ങളിൽ നേരിട്ടെത്തി മനസിലാക്കിയത്.
കൃഷിക്കൂട്ടങ്ങളുടെ കൃഷി, മൂല്യവർധിത കൃഷിക്കുള്ള തരിശുഭൂമി കൃഷി, സംയോജിത കൃഷി, കർമസേനകളുടെ പ്രവർത്തനം, അടിസ്ഥാന പ്രശ്നങ്ങൾ, നൂതന സംരംഭങ്ങൾ, കാർഷിക സാധ്യതകൾ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിഷയങ്ങളാണ് കൃഷിയിട സന്ദർശത്തിലൂടെ കണ്ടെത്തുന്നത്.
ഈ വിവരങ്ങൾ വിശകലനം ചെയ്തുള്ള വിശദ റിപ്പോർട്ട് അതാത് പഞ്ചായത്ത് കൃഷി ഓഫീസർമാർ കൃഷി ദർശൻ പരിപാടിയിൽ അവതരിപ്പിക്കും.