ഇനി ഈ കൈ എത്തില്ല, പന്തെടുക്കാൻ

തലശേരി: കൊടുംവേദനയിൽ ഉറക്കമില്ലാതെ കടന്നുപോയ രാത്രികൾ ഓർക്കാൻപോലും ചേറ്റംകുന്ന് നാസ ക്വാർട്ടേഴ്‌സിൽ സുൽത്താൻ ബിൻ സിദ്ദീഖ് ഇപ്പോൾ അശക്തനാണ്. വേദനയിൽ പിടയുമ്പോൾ കൈയൊന്ന് മുറിച്ചു മാറ്റിത്തരുമോയെന്ന് ചോദിച്ചുപോയിട്ടുണ്ട്. ആറുദിവസമായി നല്ല ഉറക്കമുണ്ടെങ്കിലും മൈതാനത്തുനിന്ന് ഫുട്‌ബോൾ വാരിയെടുത്ത് നീട്ടിയടിക്കാൻ ഇടതുകൈ ഇല്ലെന്നത് ഉൾക്കൊള്ളാൻ ഈ പതിനേഴുകാരന് ഇനിയുമായിട്ടില്ല.
ഒക്‌ടോബർ 30ന് വൈകിട്ട് കൂട്ടുകാർക്കൊപ്പം ഫുട്‌ബോൾ കളിക്കുന്നതിനിടെയാണ് സുൽത്താൻ ബിൻ സിദ്ദീഖിന് വീണ് പരിക്കേറ്റത്. സിസർ കട്ട് അടിക്കുന്നതിനിടയിലുള്ള വീഴ്‌ച. ഇടതുകൈയിലെ രണ്ട് എല്ല് പൊട്ടി. അന്നുമുതൽ കണ്ണൂർ ചാലയിലെ സ്വകാര്യ ആസ്പത്രിയിൽ മുട്ടിന് താഴെ കൈ മുറിച്ചുമാറ്റുംവരെ ഈ കുട്ടി ഏറെ സഹിച്ചു. പതിനാല് ദിവസം തലശേരി ജനറൽ ആസ്പത്രിയിൽ. പിന്നീട് കോഴിക്കോടും കോയമ്പത്തൂരും കണ്ണൂരുമായി ആസ്പത്രികളിലേക്കുള്ള ഓട്ടവും.
തന്റെ കൈക്ക് എന്തോ സംഭവിച്ചതായി തലശേരിയിൽനിന്നേ സുൽത്താൻ തിരിച്ചറിഞ്ഞിരുന്നു. തൊട്ടാലറിയാത്ത മരവിപ്പായിരുന്നു കൈക്ക്. മുറിച്ചുമാറ്റേണ്ടിവരുമെന്ന് സ്വപ്‌നത്തിൽപോലും കരുതിയതല്ല. കൃത്യസമയത്ത് ചികിത്സ കിട്ടാത്തതിനാലാണ് തനിക്ക് ഈ ദുരവസ്ഥയുണ്ടായതെന്ന് സുൽത്താൻ ബിൻ സിദ്ദീഖ് പറഞ്ഞു. വാടക ക്വാർട്ടേഴ്‌സിൽനിന്ന് തൽക്കാലം പിതാവിന്റെ സഹോദരിയുടെ വീട്ടിലേക്ക് മാറിയിട്ടുണ്ടെങ്കിലും തുടർചികിത്സ, വിദ്യാഭ്യാസം, ഭാവി തുടങ്ങി ഒരുപാട് ചോദ്യങ്ങൾ ഈ വിദ്യാർഥിയുടെ മുന്നിലുണ്ട്.