ഏച്ചിലാംവയൽ ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയം 65-ാം വാർഷിക നിറവിൽ

പയ്യന്നൂർ: ഏച്ചിലാം വയൽ ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ അടുത്ത വർഷം മേയ് വരെ നീളുന്ന 65 -ാ മത് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം 22 ന് വൈകീട്ട് 3 ന് മന്ത്രി പി. രാജീവ് നിർവ്വഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ടി.ഐ. മധുസൂദനൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത മുഖ്യാതിഥിയായിരിക്കും. കെ.ഇ.എൻ. കുഞ്ഞഹമ്മദ് പ്രഭാഷണം നടത്തും.
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. വിജയൻ പുസ്തകം ഏറ്റുവാങ്ങും. തുടർന്ന് ഫ്ലൂട്ട് മെലഡി മ്യൂസിക്ക് ജുഗൽ ബന്ദി അരങ്ങേറും. നിലവിൽ ‘എ’ ഗ്രേഡ് ലഭിച്ച വായനശാലയിൽ 14000 ത്തിലധികം പുസ്തകങ്ങളും, ആയിരത്തിലധികം മെമ്പർമാരുമുണ്ട്.അക്ഷര ജ്വാല പുരസ്കാരം, തളിപ്പറമ്പ് താലൂക്കിലെ മികച്ച വായനശക്കുള്ള ലൈബ്രറി കൗൺസിൽ പുരസ്കാരം, ജില്ലയിലെ മികച്ച വായനശാലക്കുള്ള സംസ്ഥാന ലൈബ്രറി പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. എ.വി. സുഭാഷ് പ്രസിഡന്റും കെ.വി. ദിനേശ് കുമാർ സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്ന് (20) വൈകീട്ട് കോത്തായിമുക്ക് കേന്ദ്രീകരിച്ച് വിളംബര ഘോഷ യാത്രയും പുസ്തക കലവറ നിറക്കലും നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ എം. സുനിൽകുമാർ, പി. കുഞ്ഞപ്പൻ, കെ.ഗോവിന്ദൻ, പി. സതീശൻ, കെ.വി. ദിനേശ് കുമാർ, എസ്. ജ്രീജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.