എല്ലാ വീടുകളിലേക്കും ശുദ്ധജലം എത്തും

തില്ലങ്കേരി : ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും ശുദ്ധജലം ടാപ്പിലൂടെ എത്തിക്കുന്നതിനുള്ള ജൽ ജീവൻ മിഷൻ പദ്ധതി പ്രവൃത്തികൾ തില്ലങ്കേരി പഞ്ചായത്തിൽ ഊർജിതം. റോഡുകളിലൂടെയുള്ള പൈപ്പിടൽ പകുതി പൂർത്തിയായി. 24.65 കോടി രൂപയാണ് പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ശുദ്ധജലം എത്തിക്കാൻ വകയിരുത്തിയിട്ടുള്ളത്.കടുക്കാപാലം-കാവുംപടി, തെക്കംപൊയിൽ – പുള്ളിപൊയിൽ, വേങ്ങരച്ചാൽ – തില്ലങ്കേരി, കണ്ണിരിട്ടി – മാമ്പറം, ഇടിക്കുണ്ട് – അരീച്ചാൽ റോഡുകളിലെ പൈപ്പിടലാണ് പൂർത്തിയായത്. തെക്കംപൊയിൽ – അത്തപുഞ്ച റോഡിലെ പൈപ്പിടിൽ നടക്കുന്നുണ്ട്. ഉളിയിൽ – തില്ലങ്കേരി റോഡിൽ പൈപ്പ് ഇടുന്നതിനു മരാമത്തിന്റെ അനുമതി കാത്തിരിക്കുകയാണ്.
6 ലക്ഷം ലീറ്റർ വെള്ളം സംഭരിക്കാനാവുന്ന കൂറ്റൻ ടാങ്ക് സ്ഥാപിക്കുന്നതിനായി കാഞ്ഞിരാട് സ്ഥലം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ 20 സെന്റ് സ്ഥലം പഞ്ചായത്ത് നേതൃത്വത്തിൽ ഇടപെട്ട് സൗജന്യമായാണ് ലഭ്യമാക്കിയത്. ഇവിടെ പണി തുടങ്ങി. തില്ലങ്കേരി പഞ്ചായത്തിൽ 2019ലെ സർവേ പ്രകാരം 2950 കുടുംബങ്ങളാണ് ഉള്ളത്. ഇവർക്ക് പുറമേ കൂടുതലായി വന്ന വീടുകളിലും പദ്ധതി പ്രകാരം കുടിവെള്ളം എത്തിക്കും. ജൽ ജീവൻ മിഷൻ കേന്ദ്ര – സംസ്ഥാന സംയുക്ത പദ്ധതിയാണ്.
ചെലവിൽ 50 ശതമാനം കേന്ദ്രവും 25 ശതമാനം സംസ്ഥാനവും 15 ശതമാനം പഞ്ചായത്തും വഹിക്കുമ്പോൾ 10 ശതമാനം ഗുണഭോക്തൃ വിഹിതമാണ്. പഴശ്ശി അണക്കെട്ടിലെ കിണറിൽ നിന്ന് എടുക്കുന്ന വെള്ളം ചാവശ്ശേരിപറമ്പിലെ ജല അതോറിറ്റി പ്ലാന്റിൽ നിന്ന് ശുചീകരിച്ചാണു കാഞ്ഞിരാടെ ടാങ്കിൽ എത്തിക്കുന്നത്.