താമസവും പ്രകൃതിപഠനവും പക്ഷിനിരീക്ഷണവും; പഴത്തോട്ടത്തിലെ പുല്‍മേടുകളില്‍ രാപ്പാര്‍ക്കാം

Share our post

വട്ടവട പഞ്ചായത്തിലെ പഴത്തോട്ടത്തില്‍ പരിസ്ഥിതി പുനഃസ്ഥാപന മേഖലയില്‍ പ്രകൃതിയെ അടുത്തറിയുവാന്‍ ഇക്കോടൂറിസം പദ്ധതി ഒരുക്കി സഞ്ചാരികളെ മാടിവിളിച്ച് മൂന്നാര്‍ വനം, വന്യജീവി ഡിവിഷനും ഷോളാ നാഷണല്‍ പാര്‍ക്കും.

പരിസ്ഥിതി പുനഃസ്ഥാപനം
ആനമുടി ഷോല നാഷണല്‍ പാര്‍ക്കില്‍ വൈദേശിക സസ്യങ്ങള്‍ നീക്കംചെയ്ത് സ്വാഭാവിക വനമാക്കി മാറ്റിയ പഴത്തോട്ടത്തിലെ പുനഃസ്ഥാപന മേഖലയിലാണ് സഞ്ചാരികള്‍ക്ക് താമസവും പ്രകൃതിപഠനവും പക്ഷി നിരീക്ഷണവും ഒരുക്കിയിരിക്കുന്നത്. ജി.ഒ.ഐ, ജി.ഇ.എഫ്, യു.എന്‍.ഡി.പി, ഐ.എച്ച്.ആര്‍.എം.എല്‍ എന്നീ പ്രോജക്ടുകളുടെ സഹായത്തോടെ 50 ഹെക്ടര്‍ പ്രദേശമാണ് പുല്‍മേടുകളാക്കി മാറ്റിയത്.

ഇതിനായി ആനമുടി ഷോലയുടെ പരിസരനിവാസികളും, വനാശ്രിത സമൂഹങ്ങളേയും ഒരുമിപ്പിച്ച് 2020 മേയ് മാസത്തില്‍ ഹരിതവസന്തം എന്നപേരില്‍ കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി പുനഃസ്ഥാപന ഇ.ഡി.സി. തുടക്കംകുറിച്ചു.

പഴത്തോട്ടം ഇക്കോ ടൂറിസം

ഇക്കോ ടൂറിസം കണക്കെയുള്ള സുസ്ഥിര ടൂറിസത്തിന് വളരെ വലിയ സാധ്യതയാണ് ആനമുടി ഷോല നാഷണല്‍ പാര്‍ക്കിന്റെ പരിധിയില്‍വരുന്ന പഴത്തോട്ടം ഭാഗത്തിനുള്ളത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വട്ടവടയിലേയ്ക്ക് ഉണ്ടായ സഞ്ചാരികളുടെ ഒഴുക്ക് ഈ മേഖലയെ ഇക്കോ ടൂറിസത്തിന് തിരഞ്ഞെടുക്കുന്നതിന് അനിവാര്യതകൂട്ടുന്നു.

ഇവിടെ സ്ഥാപിച്ച ഇക്കോ ടൂറിസത്തുലൂടെ ബഫര്‍സോണിലെ മുന്‍കൂട്ടി നിശ്ചയിച്ച പാതയിലൂടെയുള്ള ട്രക്കിങ്, ലോഗ് ഹൗസ്, എ-ഫ്രെയ്മ്, ജങ്കിള്‍ ടെന്റ് എന്നിവയിലുള്ള താമസ സൗകര്യം, പക്ഷിനിരീക്ഷണം എന്നിവ സഞ്ചാരികള്‍ക്ക് സാധ്യമാക്കുന്നു.

ഇക്കോ റസ്റ്റൊറേഷന്‍ പ്രദേശത്ത് എത്തിച്ചേരുന്ന സഞ്ചാരികള്‍ക്ക് താമസ സൗകര്യം, ട്രക്കിങ്ങിനോടൊപ്പം പക്ഷി നിരീക്ഷണം, എന്നിവ ലഭ്യമാക്കാവുന്നതാണ്.

ലോഗ് ഹൗസ്…

ഒരേസമയം മൂന്നുപേര്‍ക്ക് താമസിക്കുവാന്‍ കഴിയുന്ന യൂക്കാലി, വാറ്റില്‍ കമ്പുകളില്‍ നിര്‍മിതമായതാണ് ലോഗ് ഹൗസ്, പരിസ്ഥിതി പുനഃസ്ഥാപന പ്രദേശത്തിന്റേയും പഴത്തോട്ടത്തിന്റേയും ഭംഗി ആസ്വദിക്കാവുന്ന തരത്തിലുള്ള ബാല്‍ക്കണിയും, സിറ്റ് ഔട്ടും ഇതിനുണ്ട്.

ടോയ്ലറ്റ് സൗകര്യം ഇതിനോടൊപ്പം ഇല്ല. റിസ്റ്റൊറേഷന്‍ പ്രദേശത്ത് ലഭ്യമായ ബയൊ ടോയിലറ്റ് സൗകര്യം സഞ്ചാരികള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.

ഫ്രയിം ലോഗ് ക്യാബിന്‍

ഒരേസമയം മൂന്നുപേര്‍ക്കുവരെ താമസിക്കാവുന്ന യൂക്കാലി, വാറ്റില്‍ കമ്പുകള്‍ ഉപയോഗിക്കുന്നതാണ് എ-ഫ്രയിം ലോഗ് ക്യാബിന്‍, പരിസ്ഥിതി പുനഃസ്ഥാപന പ്രദേശത്തെ പുല്‍മേടുകളും പഴത്തോട്ടം ഭാഗവും കാണാവുന്നതരത്തില്‍ ഒരു സിറ്റ് ഔട്ടും ഇതിനോടൊപ്പമുണ്ട്.

അറ്റാച്ച്ഡ് ടോയിലറ്റ് സൗകര്യം ലഭ്യമല്ല. റിസ്റ്റോറേഷന്‍ പ്രദേശത്ത് ലഭ്യമായ ബയൊ ടോയ്ലറ്റ് സംവിധാനം സഞ്ചാരികള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.

ജംഗിള്‍ ടെന്റ്

ഒരേസമയം മൂന്നുപേര്‍ക്ക് താമസിക്കാവുന്ന രണ്ട് റൂമുകള്‍ ജംഗിള്‍ ടെന്റില്‍ ലഭ്യമാണ്. അറ്റാച്ച്ഡ് ടോയ്ലറ്റ് സംവിധാനമുള്ള ഈ ടെന്റിനും പുല്‍മേടിന്റേയും പഴത്തോട്ടത്തിന്റേയും ഭംഗി ആസ്വദിക്കാവുന്നതരത്തില്‍ സിറ്റ് ഔട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ട്രക്കിങ്ങിനോടൊപ്പം പക്ഷി നിരീക്ഷണം

പഴത്തോട്ടം റിസ്റ്റോറേഷന്‍ ക്യാമ്പ് ഷെഡ്ഡില്‍നിന്ന് ആരംഭിച്ച് ഇടിവര ഷോല വ്യൂപോയിന്റ്, ട്രൈബല്‍ ഏരിയ വ്യൂ പോയിന്റ്, പഴത്തോട്ടം വ്യൂ പോയിന്റ് എന്നീ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാവുന്ന തരത്തില്‍ ഏകദേശം മൂന്ന് കി.മീ. ദൈര്‍ഘ്യമുള്ള നടത്തമാണിത്.

പുല്ലറടി ഷോലയുടെ ഭാഗമായ ഈ പ്രദേശത്ത് ധാരാളമായി പക്ഷികള്‍ കാണപ്പെടുന്നു. ഇവയെ നിരീക്ഷിക്കുന്നതിനുള്ള അവസരംകൂടി സഞ്ചാരികള്‍ക്ക് ഈ ട്രക്കിങ്ങിലൂടെ ലഭിക്കുന്നു. ഉദ്യാനത്തിന്റെ പരിസര നിവാസികളും പ്രദേശത്തെക്കുറിച്ച് അറിവുള്ളവരുമായ ഇ.ഡി.സി. അംഗങ്ങളാണ് ട്രക്കര്‍മാരായി സഞ്ചാരികളെ നയിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!