ഇരിക്കൂർ മണ്ഡലത്തിൽ നിക്ഷേപക സംഗമം 21നും 22നും

ടൂറിസം ശക്തിപ്പെടുത്താനും മേഖലയിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ക്ഷണിക്കാനും ലക്ഷ്യമിട്ട് നിക്ഷേപക സംഗമവുമായി ഇരിക്കൂർ മണ്ഡലം. സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത ‘ഒരു വർഷം ഒരു ലക്ഷം സംരംഭകർ’ പദ്ധതിയുടെ ഭാഗമായാണ് നിക്ഷേപക സംഗമം നടത്തുന്നത്.
ടൂറിസം പ്രൊമോഷന് വേണ്ടി മണ്ഡലത്തിൽ രൂപീകരിച്ച ഇരിക്കൂർ ടൂറിസം ഇന്നവേഷൻ കൗൺസിലാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. പൈതൽമല വിഹാര ഹോട്ടലിൽ വെച്ച് രണ്ട് ദിവസങ്ങളിലായി നടത്തുന്ന പരിപാടി നവംബർ 22 രാവിലെ 9.30നു വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി പി .രാജീവ് ഉദ്ഘാടനം ചെയ്യും.
അഡ്വ സജീവ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. എംപിമാരായ കെ സുധാകരൻ, പി സന്തോഷ് കുമാർ എന്നിവർ പങ്കെടുക്കും. നവംബർ 21ന് നടത്തുന്ന സെമിനാറുകളുടെ ഉദ്ഘാടനം കെ .സുധാകരൻ എം.പി നിർവഹിക്കും.
സെമിനാറിൽ ടൂറിസം സാധ്യതകൾ, വ്യവസായ സംരംഭകത്വം, കൃഷിയും ടൂറിസവും, താമസ സജ്ജീകരണം സഞ്ചാരികൾക്ക് തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ ഉണ്ടാവും. ടൂറിസം വകുപ്പ് മന്ത്രി പി .എ മുഹമ്മദ് റിയാസ് വീഡിയോ കോൺഫറൻസിലൂടെ ആശംസ അറിയിക്കും.