കണ്ണൂർ വിസിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മാർച്ച്

കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന് അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു യോഗ്യതയില്ലെന്നു ഹൈക്കോടതി വിധി പ്രഖ്യാപിച്ച സാഹചര്യത്തിൽ, സിലക്‌ഷൻ കമ്മിറ്റി ചെയർമാനായ വിസി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി വിസിയുടെ ഔദ്യോഗിക വസതിക്കു മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ്, നേതാക്കളായ രാഹുൽ ദാമോദരൻ, വി.രാഹുൽ, പ്രിനിൽ മതുക്കോത്ത്, ശ്രീജേഷ് കോയിലേരിയൻ, അനൂപ് തന്നട, സി. വി. സുമിത്ത്, നികേത് നാറാത്ത്, സി.വി.വരുൺ എന്നിവർ നേതൃത്വം നൽകി.
കണ്ണൂർ സർവകലാശാലയിലെ ഇന്നത്തെ പരിപാടി മാറ്റിവച്ചു
കണ്ണൂർ: സർവകലാശാലയിൽ ഇന്ന് നിശ്ചയിച്ചിരുന്ന പ്രധാന പ്രവേശന കവാടത്തിന്റെയും സംയോജിത ബിരുദാനന്തര ബിരുദ പ്രോഗ്രാമിന്റെയും ഉദ്ഘാടനം മാറ്റി. മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം നിർവഹിക്കേണ്ടിയിരുന്ന ചടങ്ങാണിത്. മാറ്റുന്നതു സംബന്ധിച്ചു കാരണമൊന്നും സർവകലാശാല വിശദീകരിക്കുന്നില്ലെങ്കിലും അസോഷ്യേറ്റ് പ്രഫസർ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണു ചടങ്ങു മാറ്റിയതെന്നറിയുന്നു.
വിധിയോട് പ്രതികരിച്ച് പ്രമുഖർ
എം.വി.ജയരാജൻ
കണ്ണൂർ: പ്രിയാ വർഗീസിന്റെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ.ഒരു വനിതാ മജിസ്ട്രേട്ട് ഒരു വർഷം പ്രസവാവധിയിൽ പ്രവേശിച്ചാൽ ആ ഒരു വർഷം സേവന കാലമായി പരിഗണിക്കാമോ? പിഎച്ച്ഡി നേടാനായി കോളജ് അധ്യാപകർ ഗവേഷണത്തിനു പോകുന്ന കാലാവധി അധ്യാപന സേവന കാലമായി പരിഗണിക്കാമോ? പ്രഫസർ സ്ഥാനത്തേക്കും പ്രിൻസിപ്പൽ സ്ഥാനത്തേക്കും പരിഗണിക്കുമ്പോൾ ഗവേഷണ കാലം എങ്ങനെ പരിഗണിക്കും തുടങ്ങി ഏറെ പ്രത്യാഘാതം വിധി കാരണം ഉണ്ടാകുമെന്നു ജയരാജൻ പറഞ്ഞു.
മാർട്ടിൻ ജോർജ്
കണ്ണൂർ: സർവകലാശാലകളിലും സംസ്ഥാനത്തെ മറ്റു സ്ഥാപനങ്ങളിലും ഇടതുപക്ഷ അനുയായികളെ തിരുകി കയറ്റുന്നതിനുള്ള കനത്ത തിരിച്ചടിയാണ് കോടതി വിധിയെന്നു ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. മാന്യതയുണ്ടെങ്കിൽ വിസി തൽസ്ഥാനത്തുനിന്നു മാറി നിൽക്കാൻ തയാറാകണം.
ഡോ. ആർ.കെ.ബിജു
കണ്ണൂർ:കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് സർവകലാശാല സെനറ്റ് അംഗം ഡോ. ആർ.കെ.ബിജു. നിയമനവുമായി ബന്ധപ്പെട്ട് താൻ നൽകിയിട്ടുള്ള മുഴുവൻ പരാതികളും ശരിയാണെന്നു തെളിഞ്ഞതായി ബിജു പറഞ്ഞു.
യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ
കണ്ണൂർ: അൽപമെങ്കിലും ധാർമികത ബാക്കിയുണ്ടെങ്കിൽ വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ രാജിവയ്ക്കണമെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓർഗനൈസേഷൻ പ്രകടനവും പ്രതിഷേധ സമ്മേളനവും നടത്തി. പ്രസിഡന്റ് ഷാജി കരിപ്പത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജി കക്കാട്ട്, ഇ.കെ.ഹരിദാസൻ, ജയൻ ചാലിൽ, ശ്രിജിൽ ജോസഫ് എന്നിവർ പ്രസംഗിച്ചു.
കെ.പി.സി.ടി.എ
കണ്ണൂർ: പാർട്ടി നേതാക്കളുടെ ബന്ധുക്കളായ, അടിസ്ഥാന യോഗ്യതയില്ലാത്തവരെ സർവകലാശാല ക്യാംപസുകളിൽ തിരുകി കയറ്റുമെന്ന വൈസ് ചാൻസലറുടെ നിലപാടിന് ഏറ്റ തിരിച്ചടിയാണ് കോടതിവിധിയെന്ന് കെപിസിടിഎ കണ്ണൂർ മേഖലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. എല്ലാ പ്രധാന തീരുമാനങ്ങളും കോടതിയിൽ പരാജയപ്പെട്ടതിനാൽ ധാർമികത ഉണ്ടെങ്കിൽ വൈസ് ചാൻസലർ രാജിവയ്ക്കണമെന്നും ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഡോ. ഷിനോ പി ജോസ്, ഇ.എസ്.ലത, ഡോ. പി.പ്രജിത, ഡോ.വി. പ്രകാശ് എന്നിവർ ആവശ്യപ്പെട്ടു.
പി.മുഹമ്മദ് ഷമ്മാസ്
കണ്ണൂർ: വിവിധ സർവകലാശാലകളിലെ മറ്റു പല നിയമനങ്ങളും റദ്ദാക്കേണ്ടി വരുമെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്.