ലോകകപ്പ് ഫുട്ബോൾ: ഖത്തർ ഇറക്കിയ കറൻസി കണ്ണൂരിലും

കണ്ണൂർ : ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് ആതിഥേയരായ ഖത്തർ ഇറക്കിയ കറൻസി കണ്ണൂരിലുമെത്തി. കൂത്തുപറമ്പ് നിർമലഗിരിയിലെ റിയാസ് മായനാണ് 22 റിയാലിന്റെ പുത്തൻ നോട്ട് സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസമാണു പുതിയ പോളിമർ കറൻസി ഖത്തർ സെൻട്രൽ ബാങ്ക് വിപണിയിലിറക്കിയത്. നിലവിലുള്ളതും ഇല്ലാത്തതുമായ 310 രാജ്യങ്ങളുടെ കറൻസിയും നാണയങ്ങളും റിയാസിന്റെ ശേഖരത്തിലുണ്ട്.
ലോകത്ത് ആദ്യമായി 1988ൽ ഓസ്ട്രേലിയ ഇറക്കിയ പോളിമർ നോട്ട് അടക്കം 66 രാജ്യങ്ങളുടെ പോളിമർ കറൻസിയുണ്ട്. പഴ്സണാലിറ്റി കറൻസിയുടെ ശേഖരവുമുണ്ട്. കാനന്നൂർ ഫിലാറ്റലി ആൻഡ് ന്യൂമിസ്മാറ്റിക് ക്ലബിൽ 15 വർഷമായി ഇദ്ദേഹം അംഗമാണ്. സൗദിയിൽ ബിസിനസ് ചെയ്യുകയാണ് റിയാസ് മായൻ.