മെഡിക്കൽ വിദ്യാർഥികളിൽനിന്ന് സ്വകാര്യ കോളേജുകൾ ബോണ്ട് വാങ്ങുന്നത് ഞെട്ടലുണ്ടാക്കുന്നു- സുപ്രീം കോടതി

ന്യൂഡൽഹി: സ്വകാര്യ മെഡിക്കൽ കോളേജുകൾ വിദ്യാർഥികളിൽ നിന്ന് ബോണ്ട് വാങ്ങുന്നത് ഞെട്ടൽ ഉളവാക്കുന്നുവെന്ന് സുപ്രീം കോടതി. സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് വിദ്യാർഥികളിൽ നിന്ന് ബോണ്ട് വാങ്ങാനാകില്ല. സർക്കാരിന് മാത്രമേ വിദ്യാർഥികളിൽ നിന്ന് ബോണ്ട് വാങ്ങാൻ അനുമതി ഉള്ളു എന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മെഡിക്കൽ പഠനം പൂർത്തിയായതിന് ശേഷം ഒരു വർഷം തങ്ങളുടെ കോളേജിൽ പഠിക്കുകയോ അല്ലെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണമെന്ന സ്വകാര്യ മെഡിക്കൽ കോളേജിന്റെ ബോണ്ടിന് എതിരായ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. സർവീസിൽ ഉള്ളവർ പഠനം നടത്തുമ്പോൾ സർക്കാരിന് ബോണ്ട് വാങ്ങാം. മറ്റ് ആർക്കും അതിന് അധികാരം ഇല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പഠനം പൂർത്തിയാക്കി മൂന്ന് വർഷത്തിന് ശേഷമാണ് ബോണ്ടിനെതിരെ വിദ്യാർഥി കോടതിയെ സമീപിച്ചത്. പണം തിരികെ നൽകാൻ വൈകിയാൽ എട്ട് ശതമാനം പലിശ കൂടി ഈടാക്കാൻ വ്യവസ്ഥ ചെയ്യുന്ന ബോണ്ടിനെതിരെയാണ് വിദ്യാർഥി കോടതിയെ സമീപിച്ചത്. വിദ്യാർഥിയുടെ വാദം ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവർ അടങ്ങിയ ബെഞ്ച് അംഗീകരിച്ചു.