കൊച്ചിയിൽ തുറന്നിട്ട കാനയിൽ മൂന്ന് വയസ്സുകാരൻ വീണു; നിലവിളിച്ച് അമ്മ, രക്ഷകരായി നാട്ടുകാര്‍

കൊച്ചി: പനമ്പിള്ളി നഗറിൽ തുറന്നിട്ട കാനയിൽ മൂന്നു വയസ്സുകാരൻ വീണു. ഇന്നലെ വൈകിട്ടാണ് അപകടം. കുട്ടി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. അമ്മയ്ക്കൊപ്പം മെട്രോ സ്റ്റേഷനിൽനിന്ന് നടന്നുവരികയായിരുന്ന കുട്ടി കാലുതെന്നി മറിഞ്ഞു വീഴുകയായിരുന്നു. അമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ചേർന്ന് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.
ഒഴുക്കുള്ള കാനയിലാണ് മകൻ വീണതെന്ന് കുട്ടിയുടെ അച്ഛൻ ഹർഷകുമാർ പറഞ്ഞു. ഭാര്യ കാലുകൊണ്ട് തടഞ്ഞുനിർത്തിയതിനാലാണ് ഒഴുകിപ്പോകാത്തത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മകനെ പുറത്തെടുത്തത്. ഇനി ആർക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കാനുള്ള നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തിനു പിന്നാലെ കാനകൾ അടിയന്തരമായി മൂടണമെന്ന് ആവശ്യപ്പെട്ട് കൊച്ചി കോർപറേഷൻ മുൻ മേയർ ടോണി ചമ്മിണി രംഗത്തെത്തി. കാനകൾക്ക് മൂടിവേണമെന്ന ഹൈക്കോടതി വിധി നടപ്പാക്കുന്നില്ലെന്നും ഇക്കാര്യത്തിൽ കോർപറേഷന്റെ അടിയന്തര ഇടപെൽവേണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.