ഓട്ടോയെ പിന്തുടര്‍ന്ന് നാട്ടുകാര്‍, കുടുംബത്തിന് നേരേ ആക്രമണം; മര്‍ദനമേറ്റ പത്തുവയസ്സുകാരി മരിച്ചു

Share our post

ചെന്നൈ: തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി ചികിത്സയിലായിരുന്ന പത്തുവയസ്സുകാരി മരിച്ചു. കടലൂര്‍ സ്വദേശികളായ സത്യനാരായണസ്വാമി-ലില്ലി പുഷ്പ ദമ്പതിമാരുടെ മകള്‍ കറുപ്പകാംബികയാണ് ചികിത്സയിലിരിക്കെ മരിച്ചത്. മോഷ്ടാക്കളാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ സംഘം ചേര്‍ന്ന് പെണ്‍കുട്ടിയെയും കുടുംബത്തെയും ആക്രമിച്ചത്.

നവംബര്‍ 14-ാം തീയതിയായിരുന്നു സംഭവം. മര്‍ദനത്തിനിരയായ കുടുംബത്തെ പിന്നീട്  ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.

പുതുക്കോട്ടയിലെ കിള്ളനൂര്‍ ഗ്രാമത്തിലാണ് മോഷ്ടാക്കളാണെന്ന് ആരോപിച്ച് ആറംഗകുടുംബത്തെ നാട്ടുകാര്‍ ക്രൂരമായി ആക്രമിച്ചത്. ക്ഷേത്രങ്ങളില്‍ മോഷണം പതിവാക്കിയ സംഘം ഗ്രാമത്തില്‍ കറങ്ങുന്നതായുള്ള സന്ദേശം നവംബര്‍ 14-ാം തീയതി ചില വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് ഗ്രാമത്തിന് പുറത്തുള്ള ചിലര്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് യുവാക്കള്‍ അടക്കമുള്ളവര്‍ ബൈക്കുകളില്‍ ഓട്ടോയില്‍ സഞ്ചരിച്ച കുടുംബത്തെ പിന്തുടരുകയും മച്ചുവാടി ഭാഗത്തുവെച്ച് ഓട്ടോ തടഞ്ഞ് ഇവരെ ആക്രമിക്കുകയുമായിരുന്നു. പിന്നീട് പോലീസെത്തിയാണ് ഇവരെ രക്ഷപ്പെടുത്തി പുതുക്കോട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താനായി രണ്ടുമാസം മുമ്പാണ് കടലൂരില്‍നിന്ന് കുടുംബസമേതം ഓട്ടോയില്‍ യാത്രതിരിച്ചതെന്നാണ് മരിച്ച പെണ്‍കുട്ടിയുടെ അമ്മയായ ലില്ലി പുഷ്പയുടെ മൊഴി. 14-ാം തീയതി കിള്ളനൂര്‍ ഗ്രാമത്തില്‍വെച്ച് മൂന്നുപേര്‍ തന്നോട് വഴക്കിട്ടു. ഭര്‍ത്താവ് സത്യനാരായണസ്വാമി പ്രശ്‌നത്തില്‍ ഇടപെട്ടതോടെ അവര്‍ മര്‍ദിച്ചു. തുടര്‍ന്ന് ഓട്ടോയില്‍ പോവുകയായിരുന്ന തങ്ങളെ ഒരുസംഘം പിന്തുടര്‍ന്നെത്തി ആക്രമിക്കുകയാണുണ്ടായതെന്നും പോലീസിന് നല്‍കിയ പരാതിയില്‍ ലില്ലി പുഷ്പ പറയുന്നു.

അതിനിടെ, കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷയെ നാട്ടുകാര്‍ ബൈക്കുകളില്‍ പിന്തുടരുന്നതിന്റെയും ഇവരെ ആക്രമിക്കുന്നതിന്റെയും വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ക്ഷേത്രങ്ങളില്‍ മോഷണം നടത്തുന്നവരാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ കുടുംബത്തെ ആക്രമിച്ചത്. ഇവരുടെ കൈയില്‍നിന്ന് പിടിച്ചെടുത്ത മോഷണമുതലുകളാണെന്ന് അവകാശപ്പെട്ട് ചില വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ പുതുക്കോട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!