കക്കാട് പുഴയുടെ പുനരുജ്ജീവനത്തിന് മൂന്നാർ മോഡൽ മുന്നേറ്റം വേണം: ടി. പദ്മനാഭൻ

കണ്ണൂർ: മൂന്നാറിലെ കൈയേറ്റം മിടുക്കരായ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ഏറെക്കുറേ ഒഴിപ്പിച്ചത് പോലെ കക്കാട് പുഴയുടെ പുനരുജ്ജീവനത്തിന് എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ആത്മാർത്ഥമായ ശ്രമം ഉണ്ടാവണമെന്നു കഥാകൃത്ത് ടി. പദ്മനാഭൻ പറഞ്ഞു. അങ്ങനെയുണ്ടായാൽ മാത്രമേ വരും തലമുറക്കെങ്കിലും കക്കാട് പുഴ പ്രയോജനപ്രദമാകുകയുള്ളൂ. കക്കാട് പുഴ മലിനമാക്കുന്നവർക്കെതിരെ കണ്ണൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ നടത്തിയ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കക്കാട് പുഴയെ ഏറെ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് ശാരീരിക പ്രയാസമുണ്ടായിട്ടും 94ാമത്തെ വയസിൽ ഞാൻ ഇവിടെ എത്തിയത്. ഒരു കാലത്ത് കക്കാട് പുഴയിലെ മത്സ്യവിഭവങ്ങൾ ഏറെ പ്രസിദ്ധിയുള്ളതായിരുന്നു. മഹത്തായ സംസ്‌കാരത്തെക്കുറിച്ചൊക്കെ കേരളീയർ സംസാരിക്കുമെങ്കിലും സ്വഭാവത്തിൽ അതിന് വിരുദ്ധമാണെന്നും പദ്മനാഭൻ പറഞ്ഞു.ചടങ്ങിൽ മേയർ അഡ്വ. ടി.ഒ മോഹനൻ അദ്ധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി. ഷമീമ , എം.പി രാജേഷ്, അഡ്വ. പി. ഇന്ദിര, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, എൻ. സുകന്യ, എൻ. ഉഷ, പനയൻ ഉഷ, ടി. രവീന്ദ്രൻ, കല്ലിക്കോടൻ രാഗേഷ്, അഡ്വ. അഹമ്മദ് മാണിയൂർ, വെള്ളോറ രാജൻ സംസാരിച്ചു. ജനകീയ കൂട്ടായ്മക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് കക്കാട് വി.പി മഹമ്മൂദ് ഹാജി സ്മാരക സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പ്ലക്കാർഡുകളേന്തി റാലിയും നടത്തി. ഇന്ന് വൈകിട്ട് 5 ന് പുഴാതി കമ്മ്യൂണിറ്റി ഹാളിൽ ജനകീയ കൺവെൻഷൻ ചേരും.