ഈയം കൊണ്ട് നിർമിച്ച സ്വർണം പൂശിയ ലോക്കറ്റുകൾ; പണയം വച്ച് 72 ലക്ഷം രൂപ തട്ടി, ഒരാൾ അറസ്റ്റിൽ

തളിപ്പറമ്പ്: സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ 2 കിലോഗ്രാമിലധികം വ്യാജ സ്വർണം പണയം വച്ച് 72 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിലായി. നരിക്കോട് പഞ്ചാരക്കുളത്ത് താമസിക്കുന്ന കാസർകോട് തൃക്കരിപ്പൂർ തങ്കയം തളയില്ലത്ത് വീട്ടിൽ ജാഫറി(35)നെയാണ് എസ്ഐ കെ.ദിനേശന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ചിറവക്കിൽ പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിലാണ് തട്ടിപ്പ് നടന്നത്. 2.73 കിലോഗ്രാം വ്യാജ സ്വർണം പണയം വച്ച് 72.70 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ബാങ്കിന്റെ കണ്ണൂർ റീജനൽ ഓഫിസ് ചീഫ് മാനേജർ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയത്. ജാഫറും ബന്ധുക്കളും സുഹൃത്തുക്കളുമായി 10 ചേർന്ന് 2020 നവംബർ 25 മുതൽ പല തവണകളിലായി വ്യാജ സ്വർണം പണയം വച്ച് തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി.
ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ജാഫർ അറസ്റ്റിലായത്. ഇയാളുടെ സുഹൃത്താണത്രെ ഈയം കൊണ്ട് നിർമിച്ച സ്വർണം പൂശിയ ലോക്കറ്റുകൾ നിർമിച്ചത് നൽകിയത്. ഇയാളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടി.റസിയ, സി.പി.ഫൗസിയ, എസ്.എ.പി. മുബീന അസീസ്, ടി.ഹവാസ് ഹമീദ്, എ.സമീറ, തളയില്ലത്ത് അഹമ്മദ്, പി.കുഞ്ഞാമി, പി.നസീർ, താഹിറ മുഹമ്മദ് അഷ്റഫ് എന്നിവരാണ് മറ്റു പ്രതികൾ. ഇവർക്ക് വേണ്ടിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പണയം വച്ച സ്വർണം തിരിച്ചെടുക്കാതെ വന്നപ്പോൾ ലേലം ചെയ്യാനായി മുറിച്ച് പരിശോധിക്കുമ്പോഴാണ് ഇവയുടെ ഉളളിൽ ഈയ്യമാണെന്ന് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ ജാഫറിനെ റിമാൻഡ് ചെയ്തു.