ഹോട്ടലുകളിൽ പരിശോധന; അഞ്ചു സ്ഥാപനങ്ങൾക്ക് നോട്ടിസ്

ഇരിട്ടി: മേഖലയിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി. ശുചിത്വ നിർദേശങ്ങൾ പാലിക്കാത്തതിന് അഞ്ചു സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. ഇരിട്ടി നഗരസഭ പരിധിയിലെ ചാവശ്ശേരി, 19–ാം മൈൽ, നരയൻപാറ എന്നിവിടങ്ങളിലും അയ്യൻകുന്ന് പഞ്ചായത്തിലെ വിവിധ ടൗണുകളിലും ആണ് ‘ഹെൽത്തി കേരള’ പരിപാടിയുടെ ഭാഗമായി ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറി, കേറ്ററിങ് യൂണിറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തിയത്. പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി നശിപ്പിച്ചു.
ഇരിട്ടി താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ പി.ജി.രാജീവ്, ഹെൽത്ത് ഇൻസ്പെക്ടർ ഇ.മനോജ്, ഇരിട്ടി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ.കുഞ്ഞിരാമൻ, ജെഎച്ച്ഐമാരായ ഷിബുമോൻ, അജയകുമാർ, പി.ശാലിനി, ധന്യ എന്നിവരുടെ നേതൃത്വത്തിൽ ചാവശ്ശേരി, 19 –ാം മൈൽ, നരയംപാറ എന്നിവിടങ്ങളിലായി 21 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. മിക്ക സ്ഥാപനങ്ങളിലും തൊഴിലാളികൾക്ക് ആരോഗ്യ സുരക്ഷാ പരിശോധന കാർഡ് ഇല്ലെന്ന് കണ്ടെത്തി. 19–ാം മൈൽ, ചാവശ്ശേരി എന്നിവിടങ്ങളിൽ ഉള്ള 3 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി.
അയ്യൻകുന്നിൽ നടത്തിയ പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.വി.രാജേഷ്, യു.ഷാജി, ജെഎച്ച്ഐമാരായ സന്തോഷ് കുമാർ, നീതു, ശ്രുതി, അരുൺ ദേവ് എന്നിവർ നേതൃത്വം നൽകി. 2 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. പഴകിയ ഭക്ഷണം പിടികൂടുകയും ശുചിത്വ നിർദേശങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തുകയും ചെയ്തതിനാൽ പരിശോധനകൾ തുടരാനാണ് ആരോഗ്യ വകുപ്പ് തീരുമാനം.
∙ ഹെൽത്തി കേരള ക്യാംപെയ്നിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ പരിശോധന നടത്തി. രണ്ട് ഹോട്ടലുകൾക്ക് നോട്ടിസ് നൽകി. ഹെൽത്ത് ഇൻസ്െപക്ടർ ടി.എ.ജെയ്സൺ, ജെഎച്ച്ഐ മാരായ ടി.എ.ഷാഹിന, എം.പി.ഭാഗ്യശ്രീ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
∙ ഹെൽത്തി കേരള ക്യാംപെയ്നിന്റെ ഭാഗമായി കേളകം പഞ്ചായത്തിലെ ഹോട്ടലുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നോട്ടിസ് നൽകി. പഴകിയ ഭക്ഷണ സാധനങ്ങൾ പിടി കൂടി നശിപ്പിച്ചു. പി.വി.ജയകൃഷ്ണൻ, പി.ഗോപാലകൃഷ്ണൻ, കെ.വിനു, എ.ഹാഷിം തുടങ്ങിയവർ നേതൃത്വം നൽകി.