തീർഥാടകരെ വരവേൽക്കാനൊരുങ്ങി ശബരിമല ; നാളെ നടതുറക്കും

Share our post

തിരുവനന്തപുരം: കോവിഡിനുശേഷം പൂർണതോതിൽ ആരംഭിക്കുന്ന ശബരിമല തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ അതിവേഗത്തിൽ പൂർത്തിയാകുന്നു. അവസാന ഒരുക്കവും പൂർത്തിയാക്കി ചൊവ്വയോടെ സന്നിധാനം തീർഥാടനത്തിന്‌ പൂർണ സജ്ജമാകും. ബുധൻ വൈകിട്ടാണ്‌ നട തുറക്കുന്നത്‌. ഇത്തവണ തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ മാസങ്ങൾക്കുമുമ്പേ ആരംഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗവും ദേവസ്വംമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും നേതൃത്വത്തിൽ നിരവധി അവലോകന യോഗങ്ങളും നടത്തി.

പ്രളയം തകർത്ത പമ്പയിലെയും തീർഥാടന വഴികളിലെയും തടസ്സങ്ങൾ പൂർണമായും നീക്കി. സന്നിധാനത്ത്‌ അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കി. പമ്പയിലും നിലയ്‌ക്കലിലും ചൊവ്വയോടെ പൂർത്തിയാകും. മരക്കൂട്ടത്ത്‌ സ്ഥിരം ടോയ്‌ലെറ്റ്‌ ബ്ലോക്ക്‌ നിർമിച്ചു. വലിയ നടപ്പന്തൽ മിനുക്കി. അന്നദാന കൗണ്ടറുകൾ മോടിപിടിപ്പിച്ച്‌ കെട്ടിടങ്ങളുടെ പെയിന്റിങ്ങും കഴിഞ്ഞു. നീലിമല, അപ്പാച്ചിമേട്‌, ശരംകുത്തിവരെയുള്ള പരമ്പരാഗത പാതയിൽ കല്ലുപാകി. ഞുണങ്ങാറിനു കുറുകെയുള്ള പാലത്തിന്റെ പണിയും പൂർത്തിയാക്കി. രാമപൂർത്തി മണ്ഡപത്തിൽ പന്തലും നിർമിച്ചു. പമ്പാതീരത്തെ മാലിന്യങ്ങൾ പൂർണമായും നീക്കി.

പമ്പയിലും സന്നിധാനത്തുമായി 18 അടിയന്തര ചികിത്സാകേന്ദ്രമാണ്‌ (ഇഎംസി) സജ്ജീകരിക്കുന്നത്‌. പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിലായി 2445 ശുചിമുറി ഒരുക്കി. ശുചീകരണത്തിന് ഏകദേശം 1200 വിശുദ്ധി സേനാംഗങ്ങളെ കൂടാതെ ഇരുനൂറോളം പേരെ ഏർപ്പെടുത്തി. കെഎസ്ആർടിസിയുടെ 500 ബസ്‌ സർവീസ്‌ നടത്തും. പമ്പ–- നിലയ്ക്കൽ റൂട്ടിൽമാത്രം 200 ബസ്‌ ഓരോ മിനിറ്റ്‌ ഇടവേളയിലുണ്ടാകും.
സുരക്ഷയ്‌ക്കായി മൊത്തം 13,000 പൊലീസുകാരെ ശബരിമലയിൽ വിന്യസിക്കും. സന്നിധാനം, പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ 134 സിസിടിവി കാമറ സ്ഥാപിച്ചു. ഇടത്താവളങ്ങളിലും പ്രത്യേക സുരക്ഷാസംവിധാനം ഉണ്ടാകും.

നാളെ നടതുറക്കും
മണ്ഡല ഉത്സവത്തിനായി ശബരിമല ശ്രീധർമശാസ്താക്ഷേത്രം ബുധൻ വൈകിട്ട് അഞ്ചിനു തുറക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ നട തുറക്കും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകളില്ല. നിയുക്ത ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരിയുടെയും നിയുക്ത മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരിയുടെയും അഭിഷേക അവരോധിക്കൽ ചടങ്ങും ബുധൻ വൈകിട്ട്‌ നടക്കും.

പുറപ്പെടാശാന്തിമാരായ ഇവരാകും വ്യാഴം പുലർച്ചെ ഇരു ക്ഷേത്രനടകളും തുറക്കുക. നിലവിലെ മേൽശാന്തി ബുധൻ രാത്രി പതിനെട്ടാം പടിയിറങ്ങും. 17 മുതൽ ഡിസംബർ 27 വരെയാണ് മണ്ഡല ഉത്സവകാലം. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന്‌ നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. തീർഥാടനം 20ന് അവസാനിക്കും.

കൂടുതൽ പ്രതിവാര ട്രെയിനുകൾ ; റിസർവേഷൻ ആരംഭിച്ചു
ശബരിമല തീർഥാടനത്തിരക്ക്‌ കണക്കിലെടുത്ത്‌ കൂടുതൽ പ്രതിവാര ട്രെയിനുകൾ സൗത്ത്‌ സെൻട്രൽ റെയിൽവേ പ്രഖ്യാപിച്ചു. പ്രത്യേക നിരക്കായിരിക്കും ട്രെയിനുകളിൽ. 07119 നരസപുർ–- കോട്ടയം 18നും 25നും രാവിലെ അഞ്ചിന്‌ നരസപുരിൽനിന്ന്‌ പുറപ്പെടും. 07120 കോട്ടയം–- നരസപുർ 19നും 26നും രാവിലെ 9.30ന്‌ കോട്ടയത്തുനിന്ന്‌ പുറപ്പെടും. 07117 സെക്കന്തരാബാദ്‌–- കൊല്ലം ജങ്‌ഷൻ എക്‌സ്‌പ്രസ്‌ 20 മുതൽ ജനുവരി എട്ടുവരെയുള്ള ഞായറാഴ്‌ചകളിലും 07118 കൊല്ലം ജങ്‌ഷൻ–-സെക്കന്തരാബാദ്‌ എക്‌സ്‌പ്രസ്‌ ചൊവ്വാഴ്‌ചകളിൽ ജനുവരി പത്തുവരെയും 07121 സെക്കന്തരാബാദ്‌–-കൊല്ലം ജങ്‌ഷൻ ഞായറാഴ്‌ചകളിൽ ജനുവരി 13 വരെയും 07122 കൊല്ലം ജങ്‌ഷൻ– -സെക്കന്തരാബാദ്‌ എക്‌സ്‌പ്രസ്‌ ചൊവ്വാഴ്‌ചകളിൽ ജനുവരി 17 വരെയും 07123 സെക്കരാബാദ്‌–-കൊല്ലം ജങ്‌ഷൻ എക്‌സ്‌പ്രസ്‌ 21നും 28നും 07124 കൊല്ലം ജങ്‌ഷൻ–-സെക്കന്തരാബാദ്‌ 23നും 30നും സർവീസ്‌ നടത്തും.

07125 സെക്കന്തരാബാദ്‌–-കോട്ടയം എക്‌സ്‌പ്രസ്‌ 20നും 27നും 07126 കോട്ടയം–- സെക്കന്തരാബാദ്‌ എക്‌സ്‌പ്രസ്‌ 21നും 28നും 07127 ഹൈദരാബാദ്‌– -കൊല്ലം എക്‌സ്‌പ്രസ്‌ 22നും 29നും 07128 കൊല്ലം ജങ്‌ഷൻ–-ഹൈദരാബാദ്‌ എക്‌സ്‌പ്രസ്‌ 16, 23, 30 തീയതികളിലും സർവീസ്‌ നടത്തും. ഈ ട്രെയിനുകളിലേക്കുള്ള ടിക്കറ്റ്‌ റിസർവേഷൻ ആരംഭിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!