നാരായണൻ നായർ വധം; പ്രതികളുമായെത്തിയ പൊലീസ് വാഹനം ബിജെപിക്കാർ തടഞ്ഞു, ജഡ്‌ജിയുടെ വീട്ടിൽ അജ്‌ഞാതരെത്തി

തിരുവനന്തപുരം : ആനാവൂർ നാരായണൻ നായർ വധക്കേസിലെ പ്രതികളുമായി വന്ന പൊലീസ് വാഹനം ബിജെപി ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജയിലിന് മുന്നിൽ തടഞ്ഞു. ജില്ലാ പ്രസിഡന്റ് വി വി രാജേഷിന്റെ കാർ ജയിലിന്റെ ഗേറ്റിന് കുറുകെയിട്ടാണ് പൊലീസ് വാഹനം തടഞ്ഞത്. പ്രതികൾക്കൊപ്പം ബിജെപി നേതാക്കളെയും പ്രവർത്തകരെയും ജയിൽ വളപ്പിലേക്ക് കയറ്റണമെന്നാവശ്യപ്പെട്ടായിരുന്നു സംഘർഷം.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 ആർഎസ്‌എസ് പ്രവർത്തകരെ കോടതി നടപടികൾക്കും വൈദ്യ പരിശോധനയ്‌ക്കും ശേഷം രാത്രി 11ന് ശേഷമാണ് പൊലീസ് വാഹനത്തിൽ ജയിലിലേക്കെത്തിച്ചത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി വി രാജേഷും മറ്റ് നേതാക്കളും പൊലീസ് വാഹനത്തിനൊപ്പമുണ്ടായിരുന്നു.
ജയിലിന് മുന്നിൽ നിരവധി ബിജെപി പ്രവർത്തകരും തടിച്ചുകൂടിയിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് ആരെയും അകത്തേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ജയിൽ അധികൃതർ തീരുമാനിച്ചിരുന്നു. എന്നാൽ, അകത്ത് കയറാതെ മടങ്ങില്ലെന്ന് വി വി രാജേഷടക്കമുള്ളവർ നിലപാട് സ്വീകരിച്ചതോടെ പ്രവർത്തകർ ജയിലധികൃതർക്കെതിരെ തിരിഞ്ഞു. വി വി രാജേഷ് എത്തിയ കാർ ജയിലിന് മുന്നിൽ നിർത്തിയിട്ടതോടെ പ്രതികളുമായുള്ള വാഹനം അകത്തേക്ക് കയറ്റാൻ പറ്റാത്ത സാഹചര്യമുണ്ടായി. തങ്ങളെ അകത്ത് കയറ്റിയില്ലെങ്കിൽ പ്രതികളെയും ജയിലിലേക്ക് കൊണ്ടുപോകാൻ കഴിയില്ലെന്നായിരുന്നു നേതാക്കളടക്കമുള്ളവരുടെ ഭീഷണി. ഇതോടെ ജയിലിന് മുന്നിലുള്ള റോഡിൽ ഗതാഗതവും സ്‌തംഭിച്ചു.
അര മണിക്കൂറോളം സംഘർഷഭരിതമായ സാഹചര്യമുണ്ടായതോടെ രണ്ടുപേർക്ക് ജയിൽവളപ്പിൽ പ്രവേശിക്കാൻ അനുമതി നൽകി. ഇതിന് പിന്നാലെ ബിജെപി നേതാവ് എസ് സുരേഷടക്കമുള്ളവരുമെത്തി അകത്തു കയറണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കിയെങ്കിലും അനുമതി നൽകിയില്ല. ബിജെപി നേതൃത്വത്തിന്റെ ശക്തമായ പിന്തുണയിലെത്തിയ പ്രതികൾ ജയിലിനകത്തും പ്രശ്‌നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശിക്ഷാവിധിക്ക് പിന്നാലെ ജഡ്‌ജിയുടെ വീട്ടിൽ 2 അജ്‌ഞാതർ
ആനാവൂർ നാരായണൻ നായരെ ആർഎസ്‌എസുകാർ വെട്ടിക്കൊന്ന കേസിൽ 11 ആർഎസ്‌എസുകാർക്കും ജീവപര്യന്തം ശിക്ഷ വിധിച്ചതിന് പിന്നാലെ ജഡ്‌ജിയുടെ ആലപ്പുഴ മാന്നാറിലുള്ള വീട്ടിൽ രണ്ട് അജ്ഞാതരെത്തി. ജഡ്‌ജിയുടെ അച്ഛനമ്മമാർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജഡ്‌ജിയുടെ ഫോൺ നമ്പർ ആവശ്യപ്പെട്ടപ്പോൾ നൽകാനാകില്ലെന്ന് അച്ഛനമ്മമാർ അറിയിച്ചു. തുടർന്ന് വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് ഉടൻ വീടിന് കാവൽ ഏർപ്പെടുത്തി. മാന്നാറിലെയും പരിസരങ്ങളിലെയും സിസിടിവി കാമറകൾ പൊലീസ് പരിശോധിച്ചുവരികയാണ്.
മുന്നൂറിലേറെ പേജുള്ള ശിക്ഷാവിധിയുടെ പകർപ്പ് പ്രതികളായ 11 പേർക്കും നൽകി തിങ്കൾ രാത്രി പത്തോടെയാണ് കോടതി നടപടികൾ പൂർത്തിയാക്കിയത്. കുടുംബ വീട്ടിൽ അജ്ഞാതരെത്തിയെന്ന വിവരത്തെ തുടർന്ന് ജഡ്‌ജിയുടെ തലസ്ഥാനത്തെ വസതിക്കും പൊലീസ് സുരക്ഷ ഏർപ്പെടുത്തി.