ഇരിട്ടി ഉപജില്ല സ്‌കൂൾ കലോൽസവ ബഹിഷ്‌കരണ നീക്കം അപമാനകരം ; കെ.എസ്.ടി.എ

ഇരിട്ടി: വിദ്യാർഥികളുടെ പരാതിയിൽ പോക്‌സോ കേസ് ചുമത്തപ്പെട്ട അധ്യാപകനെ മുൻനിർത്തി ഉപജില്ല സ്‌കൂൾ കലോൽസവം ബഹിഷ്‌കരിക്കാനുള്ള കെ.പി.എസ്.ടി.എയുടെ തീരുമാനം അപമാനകരമാണെന്ന് കെ.എസ്.ടി.എ ഇരിട്ടി ഉപജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.കുട്ടികളുടെ പരാതിയെ തുടർന്ന് വസ്തുത കണ്ടെത്തി നടപടി സ്വീകരിക്കുന്നത് നിയമപരമായ നീക്കത്തിന്റെ ഭാഗമാണെന്നും ആരെങ്കിലും സമ്മർദ്ദം ചെലുത്തിയാലോ ഇടപെട്ടാലോ ഉണ്ടാകാവുന്ന കുറ്റമല്ല പാലാ ഗവ. ഹയർ സെക്കൻഡറിയിൽ ഉണ്ടായതെന്നും കെ.എസ്.ടി.എ നേതാക്കൾ പറഞ്ഞു.
പരാതിക്കാരായ കുട്ടികൾക്കൊപ്പം നീതിപൂർവകമായി നിലയുറപ്പിക്കേണ്ടുന്ന അധ്യാപക സമൂഹത്തിന് നാണക്കേടുണ്ടാക്കുന്ന തരത്തിലാണ് കുട്ടികളുടെ കലോൽസവം ബഹിഷ്‌കരിക്കാൻ ചിലർ നടത്തുന്ന ശ്രമമെന്നും പൊതുസമൂഹവും അധ്യാപകരും ഇത് തിരിച്ചറിയുമെന്നും പ്രസ്താവനയിൽ പറയുന്നു.
കലോൽസവം നാടിന്റെയാകെ പങ്കാളിത്തം ഉറപ്പാക്കിയുള്ള പൊതു പരിപാടിയായി കണ്ട് ഇത്തരം നീക്കങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും കെ.എസ്.ടി.എ ഇരിട്ടി ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.യോഗത്തിൽ കെ.ജെ.ബിൻസി അധ്യക്ഷയായി.ജില്ലാ ട്രഷറർ വി.വി.വിനോദ്കുമാർ,എം.പ്രജീഷ്, ജില്ലാ നിർവാഹകസമിതി അംഗം കെ .എം .ജയചന്ദ്രൻ,കെ .പി അബ്ദുള്ള .എന്നിവർ സംസാരിച്ചു.