സ്വർണ്ണാഭരണങ്ങളും പണവും കവർന്നു

തലശ്ശേരി: പള്ളിത്താഴ അയ്യലത്ത് സ്‌കൂളിന് സമീപം കുഞ്ഞിപുരയിൽ റാബിയയും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന സച്ചി നിവാസ് എന്ന വീട്ടിൽ മോഷണം നടന്നു. 16 പവൻ സ്വർണ്ണവും 7000 രൂപയും നഷ്ടപ്പെട്ടതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായി. റാബിയയും സഹോദരങ്ങളും മക്കളുമാണ് ഈ വീട്ടിൽ താമസം. കഴിഞ്ഞ ദിവസം രാത്രി ഇവർ സമീപത്തെ ബന്ധു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. രാത്രി 9 മണി വരെ ഇവർ ഈ വീട്ടിലെത്തിയിരുന്നു.ഇതിന് ശേഷമാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്.
പിറക് വശത്തെ വാതിൽ തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത് . സാധനങ്ങൾ വലിച്ചിട്ട നിലയിലാണ്. ഞായറാഴ്ച രാവിലെ വീട്ടുകാർ എത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽ പെട്ടത്. തുടർന്ന് പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. ഫോറൻസിക് ഫിംഗർ പ്രിന്റ് വിദഗ്ദ്ധരും സ്ഥലത്തെത്തും. പ്രദേശത്തെ ആൾ താമസമില്ലാത്ത വീട്ടിൽ മോഷണ ശ്രമവും നടന്നു. തലശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.