വണ്ടി നിര്‍ത്തുന്നത് സീബ്രാ ലൈനില്‍, സിഗ്‌നലില്‍ വരെ ഹോണടി; റോഡില്‍ എന്തിനാണീ ഈ വെപ്രാളം?

കോഴിക്കോട് രണ്ടാംഗേറ്റ് റെയില്‍വേ ക്രോസിങ് അടഞ്ഞുകിടക്കുന്ന കാഴ്ച. അഞ്ചുമിനിറ്റിനകം തീവണ്ടി കടന്നുപോയി. ഗേറ്റ് തുറക്കുന്നതിനുമുമ്പേ വാഹനങ്ങളിലിരിക്കുന്നവര്‍ ഒരു പോരാട്ടത്തിനുള്ള ഒരുക്കം തുടങ്ങി. യുദ്ധത്തിന് പടകള്‍ അണിനിരക്കുംപോലെ ഗേറ്റിന് അപ്പുറവും ഇപ്പുറവുമായി വാഹനങ്ങള്‍ സജ്ജം. പതിയെ ഗേറ്റ് തുറന്നു. പിന്നെക്കണ്ടത് വാഹനങ്ങളുടെ കൂട്ടപ്പൊരിച്ചില്‍. വശങ്ങളൊന്നും ബാധകമല്ലാത്ത ഡ്രൈവിങ്. ഇടതുവശംചേര്‍ന്നുപോകേണ്ട വാഹനങ്ങള്‍ വലത്തുകൂടി. വലതുചേര്‍ന്ന് പോകേണ്ടവ ഇടത്തേയറ്റത്തുവരെയെത്തി.
വൈകീട്ട് ആറുമണി: കെ.പി. കേശവമേനോന്‍ റോഡ്. റോഡരികില്‍ ഇരുചക്രവാഹനങ്ങള്‍ക്കായുള്ള പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ടെൈ ബക്ക് എടുക്കാന്‍ പുറപ്പെട്ടു. ദാണ്ടെ കിടക്കണു ബൈക്കിനുകുറുകെ മറ്റൊരു ബൈക്ക്. തള്ളിമാറ്റിവെക്കാമെന്നു കരുതിയപ്പോഴേക്കും ഹാന്‍ഡിലിന് ലോക്ക്. ആരും അരികത്തില്ല. ഒടുവില്‍ സഹപ്രവര്‍ത്തകനെ വിളിച്ചുവരുത്തി തള്ളിമാറ്റി വണ്ടിയെടുത്തു.
ബീച്ച് റോഡില്‍നിന്ന് സി.എച്ച്. മേല്‍പ്പാലം കയറി ബാങ്ക് റോഡിലെ ട്രാഫിക് സിഗ്‌നലിലെത്തി. പച്ചകത്താന്‍ 20 സെക്കന്‍ഡുകൂടി. ഇടതുവശത്തുനിന്ന് മാനാഞ്ചിറഭാഗത്തേക്ക് വാഹനങ്ങള്‍ കടന്നുപോകുന്നു. പത്തു സെക്കന്‍ഡുമാത്രം ശേഷിക്കെ വാഹനങ്ങളുടെ വേഗം കൂടി. കൂടെ ഹോണടിയും. ചുവപ്പ് കത്തുംമുമ്പ് സിഗ്‌നല്‍ കടന്നുകിട്ടാനുള്ള വെപ്രാളം. ഒടുവില്‍ പച്ചകത്തി. മാനഞ്ചിറ ഭാഗത്തുകൂടെയാണ് പോകേണ്ടത്. കിട്ടിയാല്‍കിട്ടി പോയാല്‍പോയി എന്നമട്ടില്‍ ഇടതുവശത്തുനിന്ന് അവസാനനിമിഷം സിഗ്‌നലിലേക്ക് ഓടിച്ചുകയറ്റിയ കാറും ബസും റോഡിന് നടുക്ക്. ഇരുഭാഗത്തെയും വാഹനം റോഡിലെത്തിയതോടെ ഗതാഗതസ്തംഭനം.
നിയമലംഘനം 1
മുന്‍പിലുള്ള വാഹനങ്ങളെ ഇടതുവശത്തുകൂടി മറികടക്കുന്നത് മോട്ടോര്‍വാഹനനിയമപ്രകാരം കുറ്റകരം: 1000 രൂപ പിഴ
കുരുക്കുകടന്ന് ഒരുവിധം സ്റ്റേഡിയം ജങ്ഷനിലെത്തി. സ്റ്റേഡിയത്തിന് ചുറ്റുമുള്ള നടപ്പാതയില്‍ നിര്‍ത്തിയിട്ട ഇരുചക്രവാഹനങ്ങള്‍. സ്റ്റേഡിയം കെട്ടിടത്തിനുമുന്നില്‍ പാര്‍ക്കിങ് ഇടമുണ്ടായിട്ടാണിങ്ങനെ
നിയമലംഘനം 2
അനധികൃത പാര്‍ക്കിങ്: 1000 രൂപ പിഴ
മാവൂര്‍ റോഡ് ജങ്ഷനിലെത്തി. റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തേണ്ട വെള്ളവരയുണ്ട്. അതുകഴിഞ്ഞാല്‍ സീബ്രാവര. കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ച് കടക്കുന്നുണ്ട്. അപ്പോഴാണ് ഇടതുവശം വഴിവന്ന ബൈക്ക് യാത്രികന്‍ വെള്ളവരയും കടന്ന് സീബ്രാലൈനില്‍ വണ്ടികൊണ്ടുവെക്കുന്ന കാഴ്ച. കാല്‍നടയാത്രക്കാര്‍ക്കുള്ളതാണ് സാറേ സീബ്രാലൈനെന്ന് ആരോടുപറയാന്‍.
നിയമലംഘനം 3
സീബ്രാലൈനില്‍ വാഹനം നിര്‍ത്തിയാല്‍: കേസെടുത്ത് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. കോടതിയാണ് പിഴ നിശ്ചയിക്കുക
അരയിടത്തുപാലം മേല്‍പ്പാലം പിന്നിട്ട് തൊണ്ടയാട് ബൈപ്പാസ് ലക്ഷ്യമിട്ടുനീങ്ങി. ഹോണടിയോടെ പിറകില്‍ക്കൂടിയ ബസിന് സഹികെട്ട് സൈഡ് നല്‍കുംമുമ്പ് ബസ് ഇടതുവശത്തിലൂടെ ഓവര്‍ടേക്ക് ചെയ്തു. റോഡരികില്‍നിന്ന് കൈകാണിച്ച യാത്രക്കാരനെ കയറ്റാന്‍ പെട്ടന്ന് ബസ് നടുറോഡില്‍ ബ്രേക്കിട്ടു. ബൈക്കും ബ്രേക്കിടണമല്ലോ. അതോടെ ബൈക്കിനുപിറകില്‍ ഉമ്മവെക്കാനെന്നോണം അകലംപാലിച്ചുവന്ന പിക്കപ്പ് ഇടതുവെട്ടിച്ചും ബ്രേക്കിട്ടു. പിന്നിലിരുന്ന സഹപ്രവര്‍ത്തകന്റെ കൈയ്യില്‍ പിക്കപ്പിന്റെ കണ്ണാടിതട്ടി. പരസ്പരം സോറിപറഞ്ഞു. അപ്പോഴേക്കും യാത്രക്കാരനുമായി ബസ് നീങ്ങിയിരുന്നു. പിറകില്‍ നീണ്ട ബ്ലോക്കും. ഒരു നിയന്ത്രണവുമില്ലാതെ നടുറോഡില്‍ ബസ് നിര്‍ത്തുന്നതിന്റെ ബാക്കിപത്രം.
നിയമലംഘനം 4
ബസ് സ്റ്റോപ്പിലല്ലാതെ ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റുന്നത്: 250 രൂപ പിഴ(ആരെങ്കിലും പരാതിപ്പെട്ടാല്‍)
തൊണ്ടയാട് ജങ്ഷനിലെ സിഗ്‌നലിലെത്തി. 100 മീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ സിഗ്‌നല്‍കാത്തു കിടക്കുന്നു. പച്ചതെളിയാന്‍ നിമിഷങ്ങള്‍ശേഷിക്കെ മുന്നിലെ കാര്‍ ഹോണടി തുടങ്ങി. എന്തിനാണെന്ന് മനസ്സിലാകുന്നില്ല. വാഹനങ്ങള്‍ ഓരോന്നായി നീങ്ങിയാലല്ലേ വണ്ടിയെടുക്കാന്‍ പറ്റൂ. പക്ഷേ, ഓടിക്കുന്നയാള്‍ക്ക് ഒരുരസം.
നിയമലംഘനം 5
ടെയില്‍ ഗേറ്റിങ് (മുമ്പിലുള്ള വാഹനവുമായി ആവശ്യമായ അകലം പാലിക്കാതെ വാഹനമോടിക്കുന്നത്): 1000 രൂപ പിഴ
ജങ്ഷനില്‍നിന്ന് നേരെ മലാപ്പറന്പ് റോഡിലേക്ക് വെച്ചുപിടിച്ചു. നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. എതിരെ കാര്‍ ഡിം അടിക്കാതെ വരുന്നു. കണ്ണടപ്പിക്കുംവിധമുള്ള പ്രകാശം. മുന്നിലുള്ള റോഡ് കാണുന്നില്ല. റോഡ് കാണാത്തതിനാല്‍ വണ്ടി ചവിട്ടിനിര്‍ത്തി. പിന്നെയാണ് യാത്ര തുടര്‍ന്നത്.
നിയമലംഘനം 6
രാത്രിയില്‍ വാഹനങ്ങളുടെ ഹെഡ് ലൈറ്റ് ഡിം ചെയ്യാത്തതനുള്ള ശിക്ഷ: 1000 രൂപ പിഴ
ഉമ്മവെച്ചുള്ള ഓട്ടം
മുന്നിലെ വാഹനത്തെ ഉമ്മവെക്കുംപോലെ വണ്ടിയോടിക്കുന്ന രീതിയാണ് കേരളത്തിലെ നിരത്തുകള്‍ അപകടക്കളമാക്കുന്നതില്‍ പ്രധാനഘടകം. ബമ്പര്‍ ടു ബമ്പര്‍ എന്നാണ് ഇത്തരം ൈഡ്രവിങ് അറിയപ്പെടുന്നത്. മുമ്പിലുള്ള വാഹനം പെട്ടെന്ന് േബ്രക്കിട്ടാല്‍ ഇടിയുറപ്പ്.
വാഹനങ്ങള്‍ തമ്മിലുള്ള അകലം കാലാവസ്ഥയ്ക്കനുസരിച്ച് ക്രമീകരിക്കുന്നതാകും ഉചിതം. നല്ല മഴയുള്ളപ്പോള്‍ മുന്നിലുള്ള വാഹനവുമായി അകലംപാലിക്കാതെ വണ്ടിയോടിച്ചാല്‍ ബ്രേക്കിടുന്നഘട്ടത്തില്‍ പിറകിലെ വണ്ടി നിര്‍ത്താനുള്ള സമയം കിട്ടില്ല. അഥവാ ബ്രേക്കിട്ടാലും അകലം കുറവായതിനാല്‍ കൂട്ടിയിടിയാകും ഫലം.
ഇങ്ങനെയുമുണ്ട് ലോകത്ത്
ജര്‍മനി
ട്രാഫിക് നിയമലംഘനങ്ങള്‍ക്കായി കംപ്യൂട്ടറൈസ്ഡ് പോയന്റ് സംവിധാനമുള്ളതാണ് ഇവിടത്തെ സവിശേഷത. ട്രാഫിക് സുരക്ഷലംഘിക്കുന്ന ഒരാള്‍ക്ക് മൂന്നു ഡീമെറിറ്റ് പോയന്റുകള്‍വരെ ലഭിക്കും. എട്ട് പോയന്റുകള്‍ ഉണ്ടായാല്‍ ലൈസന്‍സ് റദ്ദാക്കും. അത് പുനഃസ്ഥാപിക്കാന്‍, വാഹനമോടിക്കുന്നയാള്‍ ശാരീരിക, മാനസികനില പരിശോധനയില്‍ വിജയിക്കണം.
അമേരിക്കയിലെ കാലിഫോര്‍ണിയ
2014 സെപ്റ്റംബര്‍മുതല്‍ ട്രാഫിക് നിയമം നടപ്പാക്കി. സംസ്ഥാനത്തുടനീളമുള്ള സൈക്കിള്‍ അപകടങ്ങള്‍, പരിക്കുകള്‍, മരണങ്ങള്‍ എന്നിവയുടെ ഉയര്‍ന്നനിരക്ക് കുറയ്ക്കാന്‍ ഇതു ലക്ഷ്യമിടുന്നു. സൈക്കിള്‍ ഓടിക്കുന്നവര്‍ റോഡിലൂടെ കടന്നുപോകുമ്പോള്‍ വാഹനമോടിക്കുന്നവര്‍ അവരില്‍നിന്ന് മൂന്നടിയെങ്കിലും അകലം പാലിക്കണമെന്നാണ് ഇവിടത്തെ നിയമം.
ഐസ്ലന്‍ഡ്
റോഡ് സുരക്ഷയുടെ കാര്യത്തില്‍ ഐസ്ലന്‍ഡാണ് സുരക്ഷിതമായ രാജ്യം. ഒരുലക്ഷംപേരില്‍ റോഡപകടംമൂലമുള്ള മരണനിരക്ക് 1.66 ശതമാനം മാത്രം. കാറില്‍ യാത്രചെയ്യുന്ന എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിക്കണം. ഡ്രൈവര്‍ക്കോ മുന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കോ മാത്രമല്ല നിയമം ബാധകം. കുട്ടികള്‍ അവരുടെ ഭാരത്തിന് അനുയോജ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കണം.
നോര്‍വേ
റോഡ് സുരക്ഷയില്‍ മുന്നിലുള്ള രാജ്യങ്ങളിലൊന്നാണ് നോര്‍വേ. ഒരുലക്ഷംപേരില്‍ റോഡപകടങ്ങളില്‍ മരിക്കുന്നത് 2.06 പേര്‍മാത്രം. റോഡ് ട്രാഫിക്കില്‍ മാരകമോ ഗുരുതരമായ പരിക്കുകളോ ഇല്ലാത്ത ഒരു ഹൈവേ സംവിധാനം കൈവരിക്കാന്‍ ലക്ഷ്യമിട്ട് നോര്‍വേ ‘വിഷന്‍ സീറോ’ എന്ന പദ്ധതി തുടങ്ങിയിട്ടുണ്ട്. ഡ്രൈവിങ് പെരുമാറ്റം, വാഹന സാങ്കേതികവിദ്യ, അപകടസാധ്യതയുള്ള ഗ്രൂപ്പുകള്‍ എന്നിവ ഉള്‍പ്പെടെ 13 മുന്‍ഗണനാ മേഖലകള്‍ അധികൃതര്‍ തരംതിരിച്ചിട്ടുണ്ട്. അവ കൃത്യമായി വിശകലനംചെയ്യും.