ലഹരിമുക്തരുടെ കുടുംബസംഗമം 16ന്

കണ്ണൂർ: മേലേചൊവ്വ ഐആർപിസി ഡി അഡിക്ഷൻ ആൻഡ് കൗൺസലിങ് കേന്ദ്രത്തിലെത്തി ലഹരിയിൽനിന്ന് വിമുക്തിനേടി ജീവിതത്തിലേക്ക് മടങ്ങിപ്പോയവർ ഒത്തുചേരുന്നു. 16ന് പകൽ രണ്ടിന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ കുടുംബസംഗമം മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനംചെയ്യുമെന്ന് ഐആർപിസി ഉപദേശകസമിതി ചെയർമാൻ പി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യുവതലമുറ സിന്തറ്റിക് ഡ്രഗ്‌സ് ഉൾപ്പെടെയുള്ളവയിലേക്ക് അടിപ്പെട്ടുകൊണ്ടിരിക്കുകയാണ്. പണത്തിന് ആർത്തിയുള്ള ചിലർ ഇവയുടെ ദൂഷ്യം മനസ്സിലാക്കാതെ വിൽപ്പന നടത്താനും വാഹകരായും മാറുന്നു.
സർക്കാരിനും പൊലീസിനും എക്‌സൈസിനുമൊപ്പം ജനങ്ങൾകൂടി പ്രതിരോധം തീർത്താലേ ഇത്തരത്തിലുള്ളവരേ നിയമത്തിന് മുന്നിൽ എത്തിക്കാനാകൂയെന്നും പി ജയരാജൻ പറഞ്ഞു. 2018ൽ പ്രവർത്തനം ആരംഭിച്ച കേന്ദ്രത്തിൽ ഇതുവരെ 450ലേറെ പേർക്ക് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.
74.46 ശതമാനം പേർ വിമുക്തിതേടി തിരികെ ജീവിതത്തിലേക്ക് മടങ്ങി. ഇവരുടെ കുടുംബാംഗങ്ങളാണ് 16ന് ഒത്തുചേരുന്നത്. ജെമിനി ശങ്കരൻ, ഡോ. പി രവീന്ദ്രനാഥ്, ഡോ. രാംമോഹൻ, ഡോ. ക്ലീറ്റസ് കനകാപ്പള്ളി, ജിജിന സെബാസ്‌റ്റ്യൻ, എസ് വിഷ്‌ണു, ഒ വി ഉഷ എന്നിവരെ ആദരിക്കും. ചെയർമാൻ എം പ്രകാശൻ, കെ വി മുഹമ്മദ് അഷ്‌റഫ്, സി എം സത്യൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.