വൈദ്യുത തൂണുകൾ മാറ്റിയില്ല; വളക്കൈ –കൊയ്യം– വേളം റോഡ് വികസനം ഇഴയുന്നു

ശ്രീകണ്ഠപുരം: വളക്കൈ കൊയ്യം റോഡിന്റെ വികസനം വൈദ്യുത തൂണുകൾ മാറ്റാത്തത് കാരണം മന്ദഗതിയിലായി. 8.5 കോടിയുടെ എസ്റ്റിമേറ്റിൽ വൈദ്യുതി തൂണുകൾ മാറ്റാനായി 14 ലക്ഷം രൂപയാണ് അനുവദിച്ചത്. ഈ തുക കൊണ്ട് വളക്കൈ മുതൽ വേളം വരെയുള്ള തൂണുകളുടെ മാറ്റം നടക്കില്ലെന്ന നിലപാടിലാണ് കെഎസ്ഇബി. 24 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് ഇതിനായി കെഎസ്ഇബി ആദ്യം തയാറാക്കിയത്. ഇത് ഇപ്പോൾ 19 ലക്ഷമായി കുറച്ചിട്ടുണ്ട്.
എസ്റ്റിമേറ്റ് പുതുക്കി തരാൻ കരാറുകാരൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പണി ഇപ്പോൾ വളരെ മന്ദഗതിയിലാണ് നടക്കുന്നത് എന്ന ആരോപണം വ്യാപകമായിട്ടുണ്ട്. കലുങ്കുകളുടേയും, ഓടകളുടേയും അരിക് കെട്ടലിന്റേയും പണിയാണ് ഇപ്പോൾ നടക്കുന്നത്. കലുങ്ക് പണി മിക്ക സ്ഥലത്തും പകുതി പൂർത്തിയാക്കി ഇട്ടിരിക്കുകയാണ്.
അരിക് കെട്ടലും പലസ്ഥലത്തുമായി ചിതറി കിടക്കുകയാണ്. തുടർ പ്രവൃത്തി നടത്താൻ എല്ലാ സ്ഥലത്തും കെഎസ്ഇബി ലൈനുകളും തൂണുകളുമാണ് തടസ്സമായി നിൽക്കുന്നത്. അടുത്ത മഴക്കാലത്തിനകം പണി പൂർത്തിയാക്കുമെന്ന് കരാറുകാരൻ പറയുന്നുണ്ടെങ്കിലും നിലവിൽ ഉള്ളതു പോലെ പോയാൽ 2024 നകം പണി തീരില്ല.
റോഡ് വികസനത്തിനായി രൂപീകരിച്ച കമ്മിറ്റിയുടെ യോഗം കഴിഞ്ഞ ദിവസം പെരുന്തിലേരി സിആർസി വായനശാലയിൽ ചേർന്നിരുന്നു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം കൊയ്യം ജനാർദനന്റെ അധ്യക്ഷതയിൽ ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി.മോഹനൻ ഉദ്ഘാടനം ചെയ്തു. കെ.കെ.രഘുനാഥൻ, ഇരിക്കൂർ സെക്ഷൻ പിഡബ്ല്യുഡി എൻജിനീയർ ബിനോയ്, കരാറുകാരുടെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ സംസാരിച്ചു. മഴക്കാലത്തിനകം പണി പൂർത്തിയാക്കുമെന്ന് യോഗത്തിൽ കരാറുകാരുടെ പ്രതിനിധികൾ ഉറപ്പ് നൽകിയെങ്കിലും നാട്ടുകാർ ആശങ്കയിലാണ്.