വീണ്ടും ആഫ്രിക്കൻ പന്നിപ്പനി; രോഗം എടവകയിൽ

മാനന്തവാടി :കർഷകരെ ആശങ്കയിലാക്കി ജില്ലയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി. എടവക എള്ളുമന്ദം ഫാമിലെ പന്നികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. 13 പന്നികൾ ചത്തു. പിഗ് ഫാർമേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം പി ബി നാഷിന്റെ ഫാമിലെ പന്നികൾക്കാണ് രോഗം. 35 പന്നികളാണ് ഫാമിൽ ഉണ്ടായിരുന്നത്. രോഗലക്ഷണങ്ങളോടെ പന്നികൾ ചത്തതിനെ തുടർന്ന് മൃഗസംരക്ഷണ വകുപ്പ് ബംഗളൂരുവിലെ സതേൺ റീജണൽ ഡയഗ്നോസ്റ്റിക് ലാബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലുമുതലാണ് പന്നികൾ ചത്തുതുടങ്ങിയത്.
രോഗപ്രതിരോധത്തിനായി ഫാമിൽ അവശേഷിക്കുന്ന 23 പന്നികളെയും ഈ ഫാമിന്റെ ഒരുകിലോമീറ്റർ ചുറ്റളവിലുള്ള മൂന്ന് ഫാമുകളിലെ പന്നികളെയും കൊന്നൊടുക്കാൻ (ഹ്യുമൻ കള്ളിങ്) മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചു. 148 പന്നികളെയാണ് കൊല്ലേണ്ടിവരികയെന്ന് എടവക വെറ്ററിനറി സർജൻ സീലിയ ലൂയിസ് പറഞ്ഞു. 12 അംഗ ആർആർടി സംഘമാണ് നടപടികൾ പൂർത്തിയാക്കുക. വെള്ളിയാഴ്ച എടവക മൃഗാശുപത്രിയിൽ വെറ്ററിനറി ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തി. മുന്നൊരുക്കങ്ങളും പൂർത്തിയാക്കി.
കഴിഞ്ഞ ജൂലൈയിലാണ് ജില്ലയിൽ ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തവിഞ്ഞാൽ പഞ്ചായത്തിലും മാനന്തവാടി നഗരസഭയിലുമായിരുന്നു രോഗം.
പിന്നീട് നെന്മേനി, പൂതാടി പഞ്ചായത്തിലും പന്നികൾക്ക് രോഗം ബാധിച്ചു. പ്രതിരോധത്തിന്റെ ഭാഗമായി എണ്ണൂറ്റി അമ്പതോളം പന്നികളെയാണ് ഇതുവരെ കൊല്ലേണ്ടിവന്നത്. പൂതാടി പഞ്ചായത്തിലെ കല്ലോണിക്കുന്ന് താന്നിക്കൽ തോമസിന്റെ ഫാമിലായിരുന്നു അവസാനമായി രോഗം സ്ഥിരീകരിച്ചിരുന്നത്. സെപ്‌തംബറിലായിരുന്നു ഇവിടെ രോഗം. 70 പന്നികൾ ചത്തു. 52 എണ്ണത്തെ കൊന്നു. തൊട്ടടുത്ത ഫാമിലെ എട്ടെണ്ണത്തിനെയും കൊന്നു. അഞ്ഞൂറോളം പന്നി കർഷകരാണ് ജില്ലയിലുള്ളത്.
വലിയ നഷ്ടം;
പ്രതിരോധവുമായി
സഹകരിക്കും
പന്ത്രണ്ടുവർഷമായി പന്നിയെ വളർത്തുന്നുണ്ട്. ഇത്തരമൊരനുഭവം ആദ്യമാണ്. രോഗം ബാധിച്ച് പന്നികൾ ചാകുകയും അവശേഷിക്കുന്നവയെ കൊല്ലുകകൂടി ചെയ്യുമ്പോൾ വലിയ നഷ്ടമാണ്. എങ്കിലും മൃഗസംരക്ഷണ വകുപ്പുമായി സഹകരിക്കും. അർഹമായ നഷ്ടപരിഹാരം ലഭിക്കുമെന്നാണ് പ്രതീക്ഷ.