പുലർച്ചെ മൂന്ന് മണിയായാൽ ചേർത്തലക്കാരൻ അക്ഷയ് വീടിന് പുറത്തിറങ്ങും, സംഭവം പതിവായതോടെ പിക്കറ്റിംഗിനിറങ്ങിയ പൊലീസിന് മുന്നിൽപെട്ടു

ആലപ്പുഴ: ചേർത്തല മേനാശ്ശേരി ക്ഷേത്രത്തിന് സമീപം വച്ച് MDMA വില്പനക്കാരനായ യുവാവിനെ എക്സൈസ് പിടികൂടി. ഒന്നര ഗ്രാം MDMA യുമായി മേനാശ്ശേരി സ്വദേശി അക്ഷയ് ആണ് അറസ്റ്റിൽ ആയത്. മേനാശ്ശേരി ഭാഗത്ത് ചില സംഘർഷങ്ങളുടെ ഭാഗമായി പൊലീസ് പിക്കറ്റിംഗ് ഉള്ളതിനാൽ പ്രതി പുലർച്ചെ മൂന്നുമണിയോടു കൂടിയാണ് വീടിന്റെ പരിസരത്തു നിന്നും ആവശ്യക്കാർക്ക് MDMA വിതരണം ചെയ്യുമായിരുന്നത്.
ഈ പ്രദേശത്തു നിന്നും ധാരാളം പരാതികൾ ഉള്ളതിനാൽ എക്സൈസ് രാത്രികാല പെട്രോളിംഗ് ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതേ സ്ഥലത്തുനിന്നും കുറച്ചുനാൾ മുമ്പ് എക്സൈസ് ഒന്നര കിലോയിൽ അധികം കഞ്ചാവുമായി ഒരു യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു.മയക്കുമരുന്നിന് അടിമയായ പ്രതി അത് വാങ്ങുന്നതിനുള്ള പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് വില്പന തുടങ്ങിയത്.
എറണാകുളത്തു നിന്നാണ് പ്രതിക്ക് MDMA ലഭിച്ചിരുന്നത്. ഒരു ഗ്രാം MDMA 4000 രൂപ വിലയിട്ടാണ് വിറ്റിരുന്നത്.എക്സൈസ് ഇൻസ്പെക്ടർ റോയിയുടെ നേതൃത്വത്തിലുള്ള പട്രോൾ പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രതീഷ്, ബിയാസ്, രാജീവ് വനിതാ സിവിൽ എക്സൈസ് ഓഫീസർ ശാരിക, പ്രിവന്റ്റ്റീവ് ഓഫീസർമാരായ മായാജി, ഷിബു പി ബെഞ്ചമിൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എൻ ബാബു, ഡ്രൈവർ വിനോദ് എന്നിവർ ഉണ്ടായിരുന്നു