പരിയാരത്ത് രണ്ട് വീട്ടിൽ കവർച്ച; 27 പവനും 26,000 രൂപയും നഷ്ടമായി

തളിപ്പറമ്പ്: പരിയാരത്ത് രണ്ടിടങ്ങളിൽ നടന്ന മോഷണത്തിൽ 27 പവനും 26,000 രൂപയും നഷ്ടമായി.പരിയാരം ഇരിങ്ങലിൽ വീട് കുത്തിത്തുറന്ന് 13 പവൻ സ്വർണവും 20,000 രൂപയുമാണ് കവർച്ച നടത്തിയത്. തിങ്കളാഴ്ച രാവിലെയാണ് മോഷണം ശ്രദ്ധയിൽപെട്ടത്. ഇരിങ്ങലിലെ കീരന്റകത്ത് മുഹ്സിനയുടെ വീട്ടിലാണ് കവർച്ച നടന്നത്. ഭർത്താവ് സക്കരിയ്യ ബംഗളൂരുവിൽ കച്ചവടാവശ്യത്തിന് പോയതിനാൽ വീടുപൂട്ടി ഇരിങ്ങൽ പള്ളിക്കുസമീപത്തെ സഹോദരന്റെ വീട്ടിലായിരുന്നു ഇവർ താമസിച്ചത്.
തിങ്കളാഴ്ച രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ തകർത്തനിലയിൽ കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് മുറിയിൽ സൂക്ഷിച്ച 13 പവൻ സ്വർണവും 20,000 രൂപയും നഷ്ടപ്പെട്ടതായി മനസ്സിലായത്. തുടർന്ന് പരിയാരം പൊലീസിൽ പരാതി നൽകി. എസ്.ഐ നിബിൻ ജോയിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കുപ്പം മുക്കുന്ന് റോഡിലെ മടപ്പുരക്കൽ കുഞ്ഞിക്കണ്ണന്റെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന മോഷ്ടാവ് 14 പവൻ സ്വർണവും 6000 രൂപയും കവർന്നു. തിങ്കളാഴ്ച പുലർച്ചെയാണ് മോഷണം ശ്രദ്ധയിൽപെട്ടത്. കുഞ്ഞിക്കണ്ണന്റെ വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്തുകടന്നാണ് മോഷണം നടത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചിന് ബംഗളൂരുവിലുള്ള മകളുടെ വീട്ടിലേക്ക് പോയ കുഞ്ഞിക്കണ്ണനും കുടുംബവും തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപെട്ടത്.
മുൻവശത്തെ വാതിൽ അൽപം തുറന്നുകിടക്കുന്ന നിലയിലായിരുന്നു. കിടപ്പുമുറിയിലെ ഷെൽഫ് തുറന്ന് സാധനങ്ങളൊക്കെ വാരിവലിച്ചിട്ട നിലയിലായിരുന്നു ഉണ്ടായിരുന്നത്. പരിശോധിച്ചപ്പോൾ ഷെൽഫിലുണ്ടായിരുന്ന സ്വർണവും രൂപയും കവർന്നതായി മനസ്സിലായി. തുടർന്ന് പരിയാരം പൊലീസിൽ പരാതി നൽകി.പരിയാരം പൊലീസ് വീടുകളിലെത്തി പരിശോധന നടത്തി അന്വേഷണം തുടങ്ങി. ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തും.