ജപ്തി നടപടി ഒഴിവായി; സുഹറയ്ക്കും കുടുംബത്തിനും വീട് സ്വന്തം

Share our post

കൂത്തുപറമ്പ് : ജപ്തി നടപടിയിൽ വീട്ടിൽ നിന്ന് ഇറക്കിവിട്ട പി.എം.സുഹറയ്ക്കും കുടുംബത്തിനും ഇനി സ്വന്തം വീട്ടിൽ സമാധാനത്തോടെ അന്തിയുറങ്ങാം. സംസ്ഥാന സഹകരണ ബാങ്കിൽ നിന്നു വായ്പയെടുത്ത വകയിൽ 20,80,000 രൂപ കട ബാധ്യത വന്നതോടെയാണ് കോട്ടയം പുറക്കളത്ത് കനാൽക്കരയിലെ സുഹറയുടെ വീടിന്റെ മുൻവാതിലിൽ ബാങ്ക് നോട്ടിസ് പതിച്ചു പൂട്ടി സീൽ ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ 12നായിരുന്നു ജപ്തി. മാധ്യമ വാർത്തകളോടെ വിഷയം വിവാദമാവുകയും സ്ഥലം എംഎൽഎ കെ.പി.മോഹനൻ വിഷയത്തിൽ ഇടപെടുകയും മന്ത്രി വി.എൻ.വാസവനെ വിഷയം ധരിപ്പിക്കുകയും ചെയ്തു.

ഇതേത്തുടർന്ന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ 14,75,000 രൂപ അടച്ചു പ്രശ്നം പരിഹരിക്കാമെന്ന് ബാങ്ക് അറിയിക്കുകയും ചെയ്തുതുക കണ്ടെത്താനാവാതെ പ്രയാസത്തിലായ കുടുംബത്തെ സഹായിക്കാൻ അമർഷാൻ ഫൗണ്ടേഷൻ ചെയർമാൻ അമർഷാൻ പ്രദേശവാസികളുടെ സഹായത്തോടെ ചാരിറ്റി വിഡിയോ ചെയ്തു സമൂഹമാധ്യമത്തിലൂടെ 11,50,000 രൂപ ലഭ്യമാക്കി. മൂന്നേകാൽ ലക്ഷം രൂപ കൂടി ഇവർ തന്നെ ഇടപെട്ട് ഉദാരമതികളിൽ നിന്നു ലഭ്യമാക്കിയാണ് ബാങ്കിലെ കുടിശിക തീർത്തു രേഖ തിരികെ വാങ്ങി നൽകിയത്. ട്രസ്റ്റ് അംഗങ്ങൾ സുഹറയെയും കൂട്ടി ഇന്നലെ രാവിലെ ബാങ്കിലെത്തിയാണു തുക അടച്ചത്. വൈകിട്ട് നാലരയോടെ ബാങ്ക് അധികൃതർ എത്തി താക്കോൽ കൈമാറി.

വായ്പയെടുത്ത തുക യഥാസമയം തിരിച്ചടച്ചില്ലെന്ന കാരണത്താൽ സംസ്ഥാന സഹകരണ ബാങ്ക് ജപ്തി നടപടി പൂർത്തിയാക്കി 3 സ്ത്രീകൾ ഉൾപ്പെടുന്ന കുടുംബത്തെയാണ് വീട്ടിൽ നിന്നു പുറത്താക്കി സീൽ ചെയ്തിരുന്നത്. മന്ത്രി വി.എൻ.വാസവനുമായും സംസ്ഥാന സഹകരണ ബാങ്ക് ഉദ്യോഗസ്ഥരുമായും എംഎൽഎ സംസാരിച്ച് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ നല്ലൊരു തുക ഇളവനുവദിച്ച് ജപ്തി നടപടികളിൽ നിന്ന് ഒഴിവാക്കാൻ സാവകാശം നൽകാനായിരുന്നു തീരുമാനം.

സുഹറയെയും കുടുംബത്തെയും സന്ദർശിച്ച എംഎൽഎ തന്നെ ഇക്കാര്യം ധരിപ്പിച്ചിരുന്നു.9 വർഷമായി തിരിച്ചടവില്ലാത്തതിനാലാണു ജപ്തി നടപടി തുടങ്ങിയതെന്നാണ് ബാങ്ക് പറഞ്ഞിരുന്നത്. 2019 ഏപ്രിൽ 16 വരെ കുടിശിക തീർത്ത രേഖകൾ തന്റെ കയ്യിലുണ്ടെന്നും മുതലും പലിശയും ചേർത്തതിൽ ചില അപാകതകളുണ്ടെന്നും സുഹറ ആരോപിച്ചിരുന്നു. നാട്ടുകാരുടെയും എംഎൽഎയുടെയും ഇടപെടലിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞ സുഹറ, എല്ലാം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!