ജില്ലാ ലേബർ ഓഫീസറുടെ നിർദ്ദേശം തള്ളി; ശ്രീപോർക്കലി സ്റ്റീൽസിൽ തൊഴിലാളികൾ പുറത്ത് തന്നെ

പഴയങ്ങാടി: മാടായി ശ്രീപോർക്കലി സ്റ്റീൽസിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരമുള്ള ലേബർ ഓഫീസറുടെ അനുകൂല വിധി ഉണ്ടായിട്ടും തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചതായി ആക്ഷേപം. ചൈനാക്ലേ റോഡിലെ സ്ഥാപനത്തിന് മുന്നിൽ 268 ദിവസമായി സി.ഐ.ടി.യു ചുമട്ട് തൊഴിലാളികൾ നടത്തി വരുന്ന സമരം ശനിയാഴ്ച ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ജില്ല ലേബർ ഓഫീസറുടെ തീരുമാനം അംഗീകരിച്ച് അവസാനിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ ജോലിക്ക് എത്തിയപ്പോഴാണ് സി.ഐ.ടി.യു തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ച് ഉടമസ്ഥർ തന്നെ കയറ്റിറക്ക് നടത്തിയതെന്നാണ് പറയുന്നത്.പഴയങ്ങാടി സി.ഐ എൻ.ടി സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ഉള്ള പൊലീസുകാർ നോക്കിനിൽക്കേയാണ് തൊഴിലാളികൾക്ക് വീണ്ടും തൊഴിൽ നിഷേധിച്ച് ഉടമസ്ഥർ കയറ്റിറക്ക് നടത്തിയത്.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ പഴയങ്ങാടി പൊലീസിന്റെ സംരക്ഷണയിൽ ആണ് ഇതുവരെ സ്ഥാപനം പ്രവർത്തിച്ച് വന്നത്. ഇതിനെ ചോദ്യം ചെയ്ത് തൊഴിലാളികൾ ഹൈക്കോടതിയെ സമീപിക്കുകയും അനുരഞ്ജനത്തിനായി ജില്ലാ ലേബർ ഓഫീസറെ ചുമതലപ്പെടുത്തുകയുമായിരുന്നു. ജില്ലാ ലേബർ ഓഫീസർ മാടായിലെ തൊഴിലാളികൾക്ക് അനുകൂലമായി തീരുമാനം എടുത്തതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. പൊലീസിന് തൊഴിൽ വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്നും തൊഴിലാളികൾക്ക് ജില്ലാ ലേബർ ഓഫീസറെ പരാതിയുമായി സമീപിക്കാമെന്നും പഴയങ്ങാടി സി.ഐ എൻ.ടി സന്തോഷ്‌കുമാർ പറഞ്ഞു.
നിലപാടിൽ മാറ്റമില്ലാതെമാടായി പഞ്ചായത്തിൽ ക്ഷേമനിധി ബോർഡ് 26 എ കാർഡ് ലഭിച്ച തൊഴിലാളികൾക്ക് മാത്രമേ കയറ്റിറക്ക് ജോലി ചെയുവാൻ അവകാശമുള്ളൂ എന്ന് ജില്ലാ ലേബർ ഓഫീസറുടെ ഉത്തരവിൽ പറയുന്നു. 26 എ തൊഴിൽ കാർഡിന് താൻ അപേക്ഷ സമർപ്പിക്കുന്നുണ്ടെന്നു സ്ഥാപന ഉടമ ടി.വി മോഹൻലാൽ പറഞ്ഞു. സ്ഥാപന ഉടമസ്ഥന്റെ ധാർഷ്ട്യത്തിനെതിരെയും തൊഴിൽ നിഷേധത്തിനെതിരെയും പോരാടുക തന്നെ ചെയ്യുമെന്ന് തൊഴിലാളികളും പറയുന്നു.