രാമപുരം രാജുവിനെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം വളയും സ്ഥാനപ്പേരും നൽകി ആദരിക്കും

Share our post

പിലാത്തറ: പഞ്ചാരിമേളത്തിന്റെ പതികാലസുഖമുണർത്തി കൊട്ടിക്കയറുന്ന അതേമികവിൽ രാമപുരം രാജു മെെക്കിനുമുന്നിലും ‘കൊട്ടിക്കയറും’. ചെണ്ടക്കോലുകൊണ്ടല്ലെന്നുമാത്രം. ശബ്ദംകൊണ്ട്. ക്ഷേത്രോത്സവങ്ങളിൽ ചെണ്ടയിലും തിമിലയിലും രാജുവിന്റെ മേളവഴക്കം മുഴങ്ങുമ്പോൾ പെരുങ്കളിയാട്ടത്തിലും രാഷ്ട്രീയത്തിലും കായികരംഗത്തും എന്നുവേണ്ട ജനങ്ങൾ കൂടുന്നിടത്തൊക്കെയും രാജുവിന്റെ മുഴക്കമേറിയ ശബ്ദവും മുഴങ്ങും.

വാദ്യകലയ്ക്കൊപ്പം ശബ്ദകലയും വഴങ്ങുന്ന രാജുവിനെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം കൊട്ടുമ്പുറത്ത് പത്തിന് പകൽ 11ന് പട്ടും വളയും സ്ഥാനപ്പേരും നൽകി ആദരിക്കും. തുടർന്ന് ആദരസഭ മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്ഘാടനംചെയ്യും. 35 വർഷക്കാലത്തെ രാജുവിന്റെ വാദ്യകലാ സപര്യയ്ക്ക് കലാസ്വാദകരും സഹപ്രവർത്തകരും ചെറുതാഴം പഞ്ചവാദ്യസംഘവുമാണ് ആദരമേകുന്നത്.

മാടായിക്കാവിൽ ഏഴാം വയസ്സിൽ അച്ഛൻ കുഞ്ഞിരാമ മാരാരോടൊപ്പം ചേങ്ങില മുട്ടി വാദ്യരംഗത്ത് പ്രവേശിച്ച. കോറോം രാമകൃഷ്ണമാരാറിൽനിന്ന് ചെണ്ടമേളം, പാണി എന്നിവ അഭ്യസിച്ചു. പയ്യാവൂർ ഗോപാലകൃഷ്ണമാരാറിൽനിന്ന് തായമ്പകയും ചെറുതാഴം രാമചന്ദ്ര മാരാറിൽനിന്ന് തിമിലയും അഭ്യസിച്ചു. മാടായിക്കാവിലായിരുന്നു അരങ്ങേറ്റം. 30 വർഷമായി മാടായിക്കാവിലെ നിത്യവാദ്യ ജീവനക്കാരനാണ്. വാദ്യശ്രീ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചു. സ്വരമാധുര്യംകൊണ്ടും ശബ്ദഗാംഭീര്യംകൊണ്ടും പ്രൊഫഷണൽ അനൗൺസ്‌മെന്റ്‌ രംഗത്തും പ്രശസ്തനാണ്. പ്രിയയാണ് ഭാര്യ. ചുവർചിത്രകലാകാരിയായ സരയു, തുള്ളൽ കലാകാരിയായ സപര്യ എന്നിവർ മക്കളാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!