രാജ്യം ചുറ്റുന്ന അമ്മയും മകനും

ചാല: അറുപതിനായിരത്തോളം കിലോമീറ്റർ താണ്ടി KA 09 X 6143 ചേതക് സ്‌കൂട്ടർ അനന്തപുരിയിലെത്തി. മൈസൂർ ബോഗാഡി സ്വദേശികളായ കൃഷ്ണകുമാറും അമ്മ ചൂഡാരത്നമ്മയുമാണ് യാത്രികർ. അച്ഛൻ വാങ്ങി നൽകിയ സ്‌കൂട്ടറിൽ രാജ്യംചുറ്റുന്ന കൃഷ്‌ണകുമാറും അമ്മയും എല്ലാവർക്കും സുപരിചിതരാണ്. അതുകൊണ്ടുതന്നെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ ഇരുവർക്കും ഹൃദ്യമായ സ്വീകരണമാണ് നൽകിയത്.
‘മാതൃസേവാ യാത്ര’ സങ്കൽപ്പത്തിൽ 2018 ജനുവരിയിൽ ആരംഭിച്ച യാത്ര അഞ്ചാംവർഷത്തിലേക്ക് കടക്കുകയാണ്. കശ്‌മീർ മുതൽ കന്യാകുമാരിവരെയും, ചൈന അതിർത്തിയിലേക്കും നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ രാജ്യങ്ങളിലേക്കും കൃഷ്‌ണകുമാർ അമ്മയേയുംകൊണ്ട് സ്‌കൂട്ടറിൽ സഞ്ചരിച്ചു. ആഗസ്‌ത് 16ന് മൈസൂരിൽനിന്ന് വീണ്ടും ആരംഭിച്ച യാത്രയാണ് തിരുവനന്തപുരത്തെത്തിയത്. അടുത്ത ലക്ഷ്യം കന്യാകുമാരി.40–-ാം വയസ്സിൽ കോർപറേറ്റ് കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് കൃഷ്‌ണകുമാർ അമ്മയുമൊത്തുള്ള യാത്ര ആരംഭിച്ചത്.
സഞ്ചരിക്കാനുള്ള വാഹനമായി 22 വർഷം മുമ്പ് അച്ഛൻ സമ്മാനിച്ച സ്‌കൂട്ടർ തെരഞ്ഞെടുക്കാൻ കാരണം അച്ഛനോടുള്ള സ്‌നേഹംമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 72 കാരിയായ ചൂഡാരത്നമ്മയേയുംകൊണ്ട് ഇതുവരെ 59,879 കിലോമീറ്റർ സഞ്ചരിച്ചു. രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളാണ് കൂടുതലും സന്ദർശിച്ചത്. ഉറക്കവും വിശ്രമവുമെല്ലാം ക്ഷേത്രങ്ങളിൽതന്നെ. ആവശ്യമായ വസ്ത്രങ്ങളും വെള്ളവും മാത്രമാണ് കൂടെ കരുതിയിട്ടുള്ളത്.44 കാരനായ കൃഷ്ണകുമാർ അവിവാഹിതനാണ്.
തന്റെ സമ്പാദ്യത്തിൽനിന്ന് മിച്ചംപിടിച്ച തുക അമ്മയുടെ അക്കൗണ്ടിലിട്ട് അതിൽനിന്ന് ലഭിക്കുന്ന പലിശകൊണ്ടാണ് യാത്രാച്ചെലവ് നടത്തുന്നത്. ചിട്ടയായ ഭക്ഷണരീതിയും കൃത്യമായ വിശ്രമവും പിന്തുടരുന്നതുകൊണ്ട് രണ്ടാൾക്കും ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് കൃഷ്ണകുമാർ പറഞ്ഞു. മകനുമൊത്ത് അടുത്ത സ്ഥലത്തേക്കുള്ള യാത്രയുടെ സന്തോഷത്തിലാണ് ചൂഡാരത്നമ്മ.