പെൺകരുത്തിൽ തൊഴിൽസേന

Share our post

മയ്യിൽ: കൃഷി പണിക്കോ ആളെ കിട്ടാനെയില്ല എന്ന പരാതി തീർക്കാൻ ഒരുകൂട്ടം സ്ത്രീകളുടെ തൊഴിൽസേന റെഡിയാകുന്നു. അഗ്രോ സർവീസ് കൃഷിശ്രീ സെന്റർ മയ്യിലിന്റെ നേതൃത്വത്തിൽ കൃഷി വകുപ്പിന്റെ ആത്മപദ്ധതിയിൽ രൂപീകരിച്ച തൊഴിൽസേന കാർഷിക മേഖലയിൽ ഇനി പുത്തനുണർവേകും. കൃഷിയുമായി ബന്ധപ്പെട്ട ഏത് തൊഴിലെടുക്കാനും ഇവർ തയാറെടുക്കുകയാണ്.ട്രാക്ടർ, ടില്ലർ, കാട്‌വെട്ട്, ബ്രഷ് കട്ടർ തുടങ്ങി സ്ത്രീകൾ ചെയ്യാൻ മടിക്കുന്ന പല യന്ത്രങ്ങളുടെ പ്രവർത്തനവും ഇനി പതിനഞ്ചോളം വരുന്ന സ്ത്രീകളുടെ കൈയിൽ സുരക്ഷിതം.

മയ്യിലിലെയും സമീപ പ്രദേശങ്ങളിലെയും വ്യക്തികളുടെ കൃഷി ഭൂമിയിൽ ആവശ്യമായ കാർഷിക വൃത്തികൾ ചെയ്യാൻ വിദഗ്ധരായ പരിശീലനം ലഭിച്ച തൊഴിലാളികളെയും അവർക്കാവശ്യമായ തൊഴിൽ ഉപകരണങ്ങളും നൽകുന്നത് തൊഴിൽ സേനയാണ്.ഇവർക്കുള്ള ഇരുപതു ദിവസത്തെ ആദ്യ പരിശീലനം മണ്ണൂത്തി കാർഷിക സർവ്വകലാശാലയിൽ നിന്നും ലഭിച്ചു കഴിഞ്ഞു. തുടർന്നുള്ള ഇരുപത് ദിവസത്തെ പരിശീലനം കണ്ണൂർ ആർ.ഐ.ടി.സിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ജൈവ വള നിർമ്മാണത്തിലും, ബഡിംഗ്, ഗ്രാഫ്റ്റ് തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും സേനയ്ക്ക് പരിശീലനം ലഭിക്കും.

അംഗബലം കൂട്ടുംഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മയ്യിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന തൊഴിൽസേനയിൽ ഇപ്പോൾ പതിനഞ്ച് സ്ത്രീകളാണുള്ളതെങ്കിലും സേനയിലെ അംഗബലം കൂടാനാണ് സാധ്യത. കൃഷിയുമായി ബന്ധപ്പെട്ട എല്ലാ തൊഴിലുകളും കരാറടിസ്ഥാനത്തിൽ ഏറ്റെടുത്ത് ചെയ്യുകയാണ് ലക്ഷ്യം. മയ്യിൽ പഞ്ചായത്ത് തല കാർഷികവൃത്തികൾ ഇപ്പോൾ തൊഴിൽസേന വഴിയാണ് നടപ്പിലാക്കുന്നത്. പഞ്ചായത്തിൽ തൊഴിൽസേനയുടെ സഹായത്തോടെ കൃഷി ചെയ്യാൻ തയ്യാറായി മുന്നോട്ടുവരുന്നവരുടെ എണ്ണവും കൂടിവരികയാണ്.

ആവശ്യമായ തൊഴിലാളികളെ കിട്ടാത്തതു കാരണം അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ച് കൃഷി ചെയ്ത് പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ കൃത്യമായ തൊഴിൽ പരിശീലനം ലഭിച്ചവരുടെ തൊഴിൽ സേന രൂപീകരിച്ച് ആവശ്യക്കാർക്ക് കാർഷിക പ്രവർത്തനം സമയ ബന്ധിതമായി നടത്തുകയാണ് ലക്ഷ്യം. വളരെ സജീവമായാണ് തൊഴിൽസേനയുടെ പ്രവർത്തനം.കെ.കെ. റിഷ്ന, പ്രസിഡന്റ്, മയ്യിൽ ഗ്രാമപഞ്ചായത്ത്


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!