ഒറ്റരാത്രിയിൽ കടുവ കൊന്നത് ഏഴ് ആടിനെ

ബത്തേരി: ഒറ്റരാത്രിയിൽ കടുവ ഏഴ് ആടുകളെ കൊന്നതോടെ മീനങ്ങാടി കൃഷ്‌ണഗിരി മേഖലയിൽ ഭീതി ഏറി. ആദ്യമായാണ് ഒരുരാത്രിയിൽ ഇത്രയധികം വളർത്തുമൃഗങ്ങൾ ആക്രമിക്കപ്പെടുന്നത്.ഒരുമാസത്തോളമായി കൃഷ്‌ണഗിരി മേഖലയിൽ ആടുകളെ കൂടുകളിൽ നിന്നും പിടികൂടി കൊന്ന കടുവ ശനി രാത്രിയാണ് രണ്ടിടത്ത് ഏഴ് ആടുകളെ കൊന്നത്. പന്ത്രണ്ടരയോടെ സീസി കല്ലിടാംകുന്ന് പുത്തൻപുരയിൽ സുരേന്ദ്രന്റെ വീടിനോട് ചേർന്ന കൂട്ടിലായിരുന്നു ആദ്യത്തെ ആക്രമണം.
ആടുകളിൽ മൂന്നെണ്ണത്തിനെ കടുവ കൊന്നു. ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നതോടെ കടുവ ഓടിമറഞ്ഞു.ണ്ട് കിലോമീറ്റർ മാറി ബത്തേരി നഗരസഭയിലെ കൊളഗപ്പാറ ചൂരിമലയിലായിരുന്നു രണ്ടാമത്തെ ആക്രമണം. മേഴ്‌സി വർഗീസിന്റെ കൂട്ടിലെ നാല് ആടുകളാണ് കൊല്ലപ്പെട്ടത്. ഞായർ രാവിലെയാണ് ആടുകളെ ചത്തനിലയിൽ കണ്ടത്. രാത്രി പന്ത്രണ്ട്‌വരെയും വീട്ടുകാർ കൂട് ശ്രദ്ധിച്ചിരുന്നു.ഇതിന് മുമ്പ് കൃഷ്‌ണഗിരിക്കടുത്ത മലന്തോട്ടം, മേപ്പേരിക്കുന്ന്,
കൊടശേരി, അമ്പലവയൽ പോത്തുകെട്ടി, റാട്ടക്കുണ്ട്, കുമ്പളേരി, അപ്പാട് യൂക്കാലിക്കവല തുടങ്ങിയ സ്ഥലങ്ങളിലാണ് കടുവ ആടുകളെ ആക്രമിച്ചത്. ആടുവളർത്തലിൽ ഏർപ്പെട്ടവർ രാത്രി ഉറക്കമിളച്ച് കൂടുകൾക്ക് കാവലിരിക്കേണ്ട അവസ്ഥയിലാണ് ആടുകളെ ആക്രമിക്കുന്നത് കടുവ ആയതിനാൽ രാത്രി ശബ്ദം കേട്ടാൽ വീടിന് പുറത്തിറങ്ങാനും വയ്യാത്ത സ്ഥിതിയാണ്. ഒരുമാസത്തിലേറെയായി കൃഷ്‌ണഗിരി മേഖലയിൽ തുടരുന്ന കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട ആടുകളുടെ എണ്ണം പതിനെട്ടായി.