വാടകയ്ക്കെടുത്ത കാറിന്റെ നമ്പർ മാറ്റി ലഹരി കടത്തിയ ആൾ പിടിയിൽ

Share our post

ഇരിണാവ് :കാർ വാടകയ്ക്ക് എടുത്ത് മറിച്ചു വിറ്റ് വ്യാജ റജിസ്ട്രേഷൻ നമ്പർ പതിച്ചു ലഹരിക്കടത്തിന് ഉപയോഗിക്കുന്ന സംഘത്തിലെ ഒരാൾ കണ്ണപുരം പൊലീസ് പിടിയിൽ. ഒരാൾ കാറിൽ നിന്നും ഓടിക്കളഞ്ഞു. വ്യാജ റജിസ്ട്രേഷൻ നമ്പർ പതിച്ച കാറുമായി യാത്ര ചെയ്യുന്നതിനിടെ ഡ്രൈവർ മലപ്പുറം മേൽമുറി സ്വദേശി എ.കെ.മുഹമ്മദ് സുഹൈലി (23)നെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കാടാമ്പുഴ സ്വദേശി എം.കമറുദ്ദീ(35) കാറിൽ നിന്നും ഇറങ്ങിയോടി.

കണ്ണപുരം എസ്ഐ വി.ആർ.വിനീഷും സംഘവും വെള്ളി രാത്രി 10.30ന് ഇരിണാവ് റോഡിൽ വച്ചു നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലാകുന്നത്.വാടകയ്ക്ക് എടുത്ത കാർ മാസങ്ങൾ കഴിഞ്ഞിട്ടും തിരിച്ചു നൽകാത്തതിനെ തുടർന്നു കാർ ഉടമ മടക്കര സ്വദേശി വി.നിധിൻ കുമാർ പൊലീസിൽ പരാതി നൽകിയിരുന്നു. വിവാഹ ആവശ്യത്തിനായി കമ്പിൽ സ്വദേശി ഖദീജ മൻസിലിൽ നിഹാദ് (23) വാടകയ്ക്ക് എടുത്തത്.

തുടർന്നു ഒന്നര ലക്ഷം രൂപയ്ക്ക് കാർ മലപ്പുറം സ്വദേശികൾക്ക് വിൽപന നടത്തി. കാടാമ്പുഴയിലെ കമറുദ്ദീന്റെ പേരിലുള്ള കാറിന്റെ റജിസ്ട്രേഷൻ നമ്പർ തന്നെ പുതിയ കാറിലും വച്ചാണ് യാത്ര. ഇതിനിടെ കാർ ലഹരിക്കടത്തിന് ഉപയോഗിക്കുന്നുണ്ടെന്നും 3 ലക്ഷം രൂപ നൽകാമെങ്കിൽ കാർ തിരിച്ചു നൽകാമെന്നും അറിയിച്ചു കാർ ഉടമയെ നിഹാദ് ഭീഷണിപ്പെടുത്തി.

സമാനമായ രീതിയിൽ കണ്ണപുരം സ്വദേശിനിയുടെ കാർ തട്ടിയെടുത്തതിനു ഇയാൾക്കെതിരെ പൊലീസ് കേസുണ്ട്. ഈ കാർ ചെങ്ങന്നൂരിൽ മറിച്ചു വിറ്റതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. പ്രതികളായ 3 പേർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!