ശബരിമലയിൽ ആരോ​ഗ്യ വകുപ്പ് സജ്ജം; ആദ്യ ദിവസ ദര്‍ശനത്തിന് 30,000 പേരുടെ ബുക്കിങ്

Share our post

പത്തനംതിട്ട : കോവിഡാനന്തര കാലത്തിനു ശേഷമുള്ള ശബരിമല തീർഥാടനത്തിന് വൻ തിരക്കനുഭവപ്പെടുമെന്നാണ് പ്രതീക്ഷയെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌. ആദ്യ ദിവസത്തെ ദർശനത്തിന് മുപ്പതിനായിരം പേരാണ് നിലവിൽ ബുക്ക് ചെയ്‌തിരിക്കുന്നതെന്നും ആരോ​ഗ്യ മന്ത്രി പറഞ്ഞു.

അതിനനുസരിച്ചുള്ള ക്രമീകരണങ്ങളും സജ്ജമാക്കുന്നതായി പത്തനംതിട്ട പ്രസ് ക്ലബിന്റെ ശബരിമല സുഖദർശനം പരിപാടിയിൽ മന്ത്രി പറഞ്ഞു. തീർഥാടകർ മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. കോവിഡിന്റെ പുതിയ വകഭേദങ്ങൾ പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കോവിഡാനന്തര രോഗങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്‌തുവരുന്നു. ഇതിനാവശ്യമായ ചികിത്സാ സൗകര്യവും പമ്പയിലും സന്നിധാനത്തും ക്രമീകരിച്ചിട്ടുണ്ട്.
കോവിഡ് രോഗം ബാധിക്കുന്ന തീർഥാടകരെ പരിചരിക്കാനും കോന്നി മെഡിക്കൽ കോളേജിൽ പ്രത്യേക പരിചരണ കേന്ദ്രം ഒരുക്കും. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

പെരുനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉണ്ടാകും. അത്യാഹിത വിഭാ​ഗവും ഇവിടെ തുടങ്ങും. ദീർഘകാല അടിസ്ഥാനത്തിൽ ഐപി വിഭാഗവും പെരുന്നാട് ആശുപത്രിയിൽ തുടങ്ങാനാണ് ലക്ഷ്യം. ആയുർവേദ, ഹോമിയോ വകുപ്പുകളുടെയും ചികിത്സ കേന്ദ്രങ്ങൾ പമ്പയിലും സന്നിധാനത്ത്‌ സജ്ജമാക്കും. ഭക്ഷ്യസുരക്ഷാ വിഭാഗം പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ച് കടകളില്‍ പരിശോധന നടത്തും. ഭക്ഷണ സാധനങ്ങളുടെ വില നിലവാരം തീരുമാനിച്ചിട്ടുണ്ട്. ഇതു ഉടനെ പ്രസിദ്ധപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് സജിത്ത് പരമേശ്വരൻ സ്വാ​ഗതവും സെക്രട്ടറി എ ബിജു നന്ദിയും പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!