കാറിൽ ചാരി നിന്ന ബാലനു മർദനം: അന്വേഷണം ഏറ്റെടുത്ത് ക്രൈംബ്രാഞ്ച്

തലശ്ശേരി : നിർത്തിയിട്ട കാറിൽ ചാരി നിന്നതിന്റെ പേരിൽ രാജസ്ഥാൻ സ്വദേശിയായ ആറു വയസ്സുകാരനെ ചവിട്ടി പരുക്കേൽപിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എസിപി കെ.വി.ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. സംഘം കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴിയെടുത്തു. കസ്റ്റഡിയിലെടുത്ത പ്രതിയെ ആദ്യം വിട്ടയച്ചതുമായി ബന്ധപ്പെട്ട് ലോക്കൽ പൊലീസിനെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്.
കുട്ടിയെ മറ്റൊരാളും അടിച്ചതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നു മനസ്സിലാക്കിയ പൊലീസ് മുഴപ്പിലങ്ങാട് കുളംബസാറിലെ ദാറുൽ അമാനിൽ മഹമൂദിനെ (55) അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. കൈകൊണ്ട് അടിച്ചുവെന്നതിനാണു കേസ്.
കുട്ടിയെ ചവിട്ടിയതിനു കഴിഞ്ഞദിവസം അറസ്റ്റിലായ പൊന്ന്യംപാലം സ്വദേശി കെ.മുഹമ്മദ് ഷിഹാദ് (20) റിമാൻഡിലാണ്. നാളെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്‌ഷൻ വാറന്റ് പുറപ്പെടുവിച്ചു. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി മറ്റൊരു ദിവസത്തേക്കു മാറ്റി.
ഷിഹാദ് കുട്ടിയെ ചവിട്ടുന്നതിനു മുൻപാണു വഴിപോക്കൻ കുട്ടിയെ അടിക്കുന്നതായി ദൃശ്യങ്ങളിലുള്ളത്. അതേസമയം, നിർത്തിയിട്ട കാറിലുണ്ടായിരുന്ന ചെറിയ കുട്ടികളെ രാജസ്ഥാൻ സ്വദേശിയായ കുട്ടി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന ആരോപണം ഷിഹാദിന്റെ ബന്ധുക്കൾ സമൂഹ മാധ്യമങ്ങളിൽ ഉന്നയിച്ചിട്ടുണ്ട്.
സംഭവത്തിൽ പൊലീസിനു വീഴ്ച പറ്റിയെന്ന ആരോപണത്തിലുള്ള അന്വേഷണവും നടക്കുന്നുണ്ട്. വ്യാഴാഴ്ച രാത്രി സംഭവം നടന്നിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കാതെ വീട്ടിലേക്കു പറഞ്ഞു വിട്ടിരുന്നു. ഇതാണു വീഴ്ചയായി ചൂണ്ടിക്കാട്ടുന്നത്. ഡിഐജി രാഹുൽ ആർ. നായർ, റൂറൽ എസ്പി രാജീവ്കുമാർ, എഎസ്‍പി പി.നിധിൻരാജ് എന്നിവർ ഇന്നലെ ആസ്പത്രിയിൽ എത്തി ചികിത്സയിൽ കഴിയുന്ന കുഞ്ഞിനെ സന്ദർശിച്ചു.
തലശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തി ഇൻസ്പെക്ടർ എം.അനിൽ, സംഭവദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐമാർ, സിപിഒമാർ എന്നിവരിൽ നിന്നു വിവരങ്ങളെടുത്തു. ആരോഗ്യപ്രശ്നങ്ങളുള്ള പ്രതിയെ സ്റ്റേഷനിൽ നിർത്താൻ നിയമപരമായി പ്രയാസമുള്ളതു കൊണ്ടാണു പറഞ്ഞയച്ചതെന്ന വിശദീകരണമാണ് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ നൽകിയതെന്നാണു വിവരം.
പ്രതിയെ ആദ്യം വിട്ടയച്ചതിനു പിന്നിൽ ഉന്നത ഇടപെടലുണ്ടായി എന്ന ആരോപണം പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്നുണ്ട്. പൊലീസിന്റെ വീഴ്ച എഎസ്പി പി.നിധിൻ രാജാണ് അന്വേഷിക്കുന്നത്. അക്രമത്തിനിരയായ കുട്ടി ആസ്പത്രിയിൽ തുടരുകയാണ്. ഈ കുടുംബത്തെ ആശ്വസിപ്പിക്കാനായി നേതാക്കൾ ഉൾപ്പെടെയുള്ള ആളുകൾ ആസ്പത്രിയിലെത്തുന്നുണ്ട്. വ്യാഴാഴ്ച രാത്രിയാണ്, ബലൂൺ വിൽപനയ്ക്കായി തലശ്ശേരിയിലെത്തിയ കുടുംബത്തിലെ കുട്ടി നാരങ്ങാപ്പുറത്തു വച്ച് ആക്രമിക്കപ്പെട്ടത്.