നായയെ ആക്രമിച്ചതു കടുവയാണോ പുലിയാണോ എന്നറിയാതെ ആശങ്ക

കണ്ടപ്പുനം : വന്യമൃഗം ആക്രമിച്ചു പരുക്കേൽപ്പിച്ച നായയെ വനം വകുപ്പ് ഏറ്റെടുത്ത് ചികിത്സിക്കുകയും സംരക്ഷിക്കുകയും ചെയ്യണം എന്നാവശ്യപ്പെട്ട് നാട്ടുകാർ കണ്ടപ്പുനം വനം വകുപ്പ് ഓഫിസിലെത്തി. ബുധനാഴ്ച രാത്രിയാണു പാൽച്ചുരം പുതിയങ്ങാടിയിലെ താന്നിവേലിൽ സിജുവിന്റെ നായയെ വന്യമൃഗം ആക്രമിച്ചു പരുക്കേൽപ്പിച്ചത്. ആക്രമിച്ചതു കടുവയാണ് എന്നാണു നാട്ടുകാരുടെ ആരോപണം. വിവരം വനം വകുപ്പിനെ അറിയിച്ചതിനെത്തുടർന്ന് റെയ്ഞ്ചർ സുധീർ നരോത്ത്, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ പി.മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
മതിയായ ചികിത്സ നൽകാൻ വനം വകുപ്പ് ഓഫിസിൽ തന്നെ നായയെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാർ കണ്ടപ്പുനത്തെ ഓഫിസിൽ എത്തി. നായയെ ഓഫിസിനു മുന്നിൽ കെട്ടിയതോടെ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ തർക്കം തുടങ്ങി. നായയ്ക്ക് ഓഫിസിൽ സംരക്ഷണം നൽകാൻ കഴിയില്ല എന്ന് ഉദ്യോഗസ്ഥർ അറിയിച്ചതോടെ തർക്കം രൂക്ഷമായി. കേളകം പൊലീസ് സ്ഥലത്തെത്തി ഇരു വിഭാഗവുമായി ചർച്ച നടത്തി. നായയ്ക്കു ജീവഹാനി സംഭവിച്ചാൽ ഉടമയ്ക്കെതിരെ കേസെടുക്കും എന്നു പൊലീസ് അറിയിച്ചു. തുടർചികിത്സയുടെ ചെലവുകൾ വഹിക്കാം എന്ന നിലപാടാണു വനം വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിച്ചത്.
പരുക്കേൽക്കുന്ന വളർത്തു മൃഗങ്ങളെ ഏറ്റെടുക്കാനും സംരക്ഷിക്കാനും വനം വകുപ്പിന് അധികാരം ഇല്ല എന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നീട് നാട്ടുകാർ നായയെ തിരികെ കൊണ്ടുപോയി.എന്നാൽ, നായയെ ആക്രമിച്ചതു കടുവയാണോ പുലിയാണോ എന്നു തിരിച്ചറിഞ്ഞിട്ടില്ലപ്രദേശത്തു ക്യാമറ സ്ഥാപിക്കും എന്ന് വനം വകുപ്പ് അറിയിച്ചു. വളർത്തു മൃഗങ്ങളെ ആക്രമിക്കുന്നതു കടുവ ആണെന്ന് നാട്ടുകാർ ഉറപ്പിച്ചു പറയുന്നു. ഈ മേഖലയിൽ ഒട്ടേറെ തവണ കടുവയുടെ കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്. വളർത്തു മൃഗങ്ങളെ മുൻപും കാണാതായിട്ടുമുണ്ട്.
കടുവയെ നേരിൽ കണ്ടവരും കുറവല്ല. വളർത്തുമൃഗങ്ങളെ ആക്രമിക്കുന്ന വന്യമൃഗത്തെ പിടികൂടാൻ കൂട് സ്ഥാപിക്കണം എന്നു നാട്ടുകാർ ആവശ്യപ്പെട്ടു. ഈ പ്രദേശത്ത് എത്തുന്ന വന്യമൃഗം ഏതാണ് എന്നു തിരിച്ചറിഞ്ഞ ശേഷം മാത്രമേ കെണിയും കൂടും സ്ഥാപിക്കാൻ കഴിയൂ എന്നാണു വനം വകുപ്പിന്റെ നിലപാട്. ഇതിനെതിരെ വരും ദിവസങ്ങളിൽ സമരങ്ങൾ നടത്താനുള്ള നീക്കത്തിലാണു കർഷകരും നാട്ടുകാരും.