നിയമ വിദ്യാർഥിനിയെ നാല് വട്ടം പീഡിപ്പിച്ചെന്ന് കെ.എസ്.യു നേതാവ് ; കുറ്റസമ്മതം പെൺകുട്ടിയുടെ ബന്ധുവിനോട്

തിരുവനന്തപുരം: നിയമവിദ്യാർഥിനിയെ താൻ പീഡിപ്പിച്ചതായി കെ.എസ്.യു നേതാവിന്റെ കുറ്റസമ്മതം. പീഡിപ്പിച്ച യുവതിയുടെ ബന്ധുവിനോട് ഫോണിൽ സംസാരിക്കവെയാണ് കെ.എസ്.യു നേതാവ് മുഹമ്മദ് ആഷിഖ് കുറ്റസമ്മതം നടത്തിയത്. വിവരങ്ങൾ അന്വേഷകസംഘത്തിന് കൈമാറി.യുവതിയുടെ സ്വർണാഭരണങ്ങളും ഇയാൾ കൈവശപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരക്കാനാണ് ബന്ധു ഇയാളെ വിളിച്ചത്.
സംസാരത്തിനിടെ നാലുതവണ താൻ യുവതിയെ പീഡിപ്പിച്ചതായും വിവാഹം കഴിക്കാമെന്നും ആഷിഖ് പറഞ്ഞു. ഇയാളുടെ അച്ഛനമ്മമാരും ഇതേ വാഗ്‌ദാനംനൽകി കേസിൽനിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിരുന്നു.അതേസമയം, കോൺഗ്രസ് എം.എൽ.എയ്‌ക്കും തന്നെ കാഴ്‌ചവയ്‌ക്കാൻ ശ്രമിച്ചുവെന്ന യുവതിയുടെ വെളിപ്പെടുത്തലിനു പിന്നാലെ ആഷിഖിന് കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധങ്ങൾ പുറത്തുവന്നു.
വഴയില എം.ജി.എം നഗറിലെ വീട്ടിലായിരുന്നു ഇയാളുടെ താമസം. എം.എൽ.എമാരടക്കം കോൺഗ്രസ് നേതാക്കളും പ്രധാന കെ.എസ്.യു നേതാക്കളും ഇവിടെ നിത്യസന്ദർശകരാണ്. ഇതിൽ ചിലരെക്കുറിച്ചുള്ള വിവരങ്ങൾ യുവതി അന്വേഷകസംഘത്തിന് കൈമാറി. ലോ അക്കാദമിയിലെ കെഎസ്‌യുവിന്റെ പ്രവർത്തനകേന്ദ്രം കൂടിയായിരുന്നു ഈ വീട്. ഇവിടെനിന്ന് പിടിച്ചെടുത്ത നൂറുകണക്കിന് മദ്യക്കുപ്പികളുടെ ചിത്രം യുവതിയുടെ ബന്ധു സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.