തലശേരിയിൽ കുട്ടിയെ ചവിട്ടിയ സംഭവം: മുഹമ്മദ് ഷിഹാദിന്റെ ലൈസന്‍സ് റദ്ദാക്കും

കണ്ണൂര്‍ :അതിഥിത്തൊഴിലാളിയുടെ 6 വയസ്സുള്ള മകനെ കാറിൽ ചാരിനിന്നതിന്റെ പേരിൽ ചവിട്ടിത്തെറിപ്പിച്ച തലശ്ശേരി പൊന്ന്യംപാലം സ്വദേശി കെ.മുഹമ്മദ് ഷിഹാദിന്റെ (20) ലൈസൻസ് റദ്ദാക്കും. എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒയുടേതാണ് നടപടി. ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കില്‍ നേരിട്ട് ഹാജരായി ബോധിപ്പിക്കാൻ നോട്ടിസ് നൽകി. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ കഴിഞ്ഞ ദിവസം രാവിലെ ഷിഹാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഷിഹാദിനെ വ്യാഴാഴ്ച സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷം വിട്ടയച്ചെങ്കിലും പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. നരഹത്യാ ശ്രമം, ബോധപൂർവം മുറിവേൽപിക്കൽ, പൊതുഗതാഗതം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണു കേസെടുത്തത്.
ചവിട്ടേറ്റ രാജസ്ഥാൻ സ്വദേശിയായ കുട്ടി തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ബാലാവകാശ കമ്മിഷൻ പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ദേശീയ ബാലാവകാശ കമ്മിഷനും വിശദീകരണം തേടി.