പാർട്ടിക്കാരെ ജോലിയിൽ തിരുകിക്കയറ്റാനുള്ള ശ്രമം: മേയർ ആര്യാ രാജേന്ദ്രനെതിരെ കടുത്ത പ്രതിഷേധങ്ങളുമായി ബിജെപിയും കോൺഗ്രസും

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന് കീഴിലെ ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ട് ഒഴിവുള്ള വിവിധ താൽക്കാലിക തസ്‌തികകളിൽ ആളെ നിയമിക്കുന്നതിന് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ച മേയർ ആര്യാ രാജേന്ദ്രന്റെ നടപടിക്കെതിരെ കടുത്ത വിമർശനം. മേയർ രാജിവയ‌്ക്കണമെന്നും, ഭരണസമിതി പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് കോർപ്പറേഷനിലെ പ്രതിപക്ഷ കക്ഷികൾ മേയറുടെ ഓഫീസ് ഉപരോധിക്കുകയാണ്.
കോൺഗ്രസ് പ്രവർത്തകരാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. മേയറുടെ ചേംബറിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ‌്തുനീക്കി. തുടർന്ന് ബിജെപി പാർലമെന്ററി പാർട്ടി നേതാവ് എം.ആർ ഗോപന്റെ നേതൃത്വത്തിൽ പ്രതിഷേധവുമായി ബിജെപി കൗൺസിലർമാരും രംഗത്തെത്തി. മേയറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച ഇവരെ പൊലീസ് ഇടപെട്ട് പുറത്താക്കി.ജനങ്ങൾ തുടർഭരണം കൊടുത്ത ഒരു സർക്കാർ ചെയ്യുന്ന വൃത്തികേടുകളാണ് ഇപ്പോൾ മേയറുടെ കത്തിന്റെ രൂപത്തിൽ പുറത്തുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഈ മേയർ ഉൾപ്പടെയുള്ള ഡിവൈഎഫ്ഐ നേതാക്കന്മാർ ഡൽഹിയിൽ പോയി കേന്ദ്രസർക്കാരിനെതിരെ സമരം ചെയ‌്‌തിട്ടാണ് വന്നത്.
ഞങ്ങളുടെ തൊഴിൽ എവിടെ എന്നതായിരുന്നു അവരുടെ മുദ്രാവാക്യം. ഇവിടെ ഈ അസംബന്ധ നാടകങ്ങൾ കാണിച്ചിട്ടാണ് തൊഴിൽ ചോദിച്ച് മേയർ ഡൽഹിയിൽ പോയതെന്നും വി.ഡി സതീശൻ വിമർശിച്ചു.മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ പിരിച്ചുവിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചു. തിരുവനന്തപുരം കോർപറേഷനിൽ താത്കാലിക അടിസ്ഥാനത്തിൽ ജോലി ഒഴിവുണ്ടെങ്കിൽ അത് ഫില്ല് ചെയ്യേണ്ടത് സിപിഎം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പനാണോയെന്നും അദ്ദേഹം ചോദിച്ചു. സത്യപ്രതിഞ്ജാലംഘനവും സ്വജനപക്ഷപാതവും നടത്തിയ മേയർക്ക് സ്ഥാനത്ത് തുടരാൻ അവകാശമില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.295 ഒഴിവുകളിൽ നിയമിക്കപ്പെടുന്നതിനായി പാർട്ടിക്കാരുടെ മുൻഗണന ലിസ്‌റ്റ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് ആനാവൂർ നാഗപ്പന് മേയർ കത്തയച്ചത്.
മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിൽ ഈ മാസം ഒന്നിനാണ് കത്തയച്ചിരിക്കുന്നത്. ‘സഖാവേ’ എന്ന് അഭിസംബോധന ചെയ്‌തുള്ള കത്തിൽ ഒഴിവുകളുടെ വിശദവിവരം നൽകിയശേഷം ഇതിലേക്ക് ഉദ്യോഗാർത്ഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് ‘അഭ്യർത്ഥിക്കുന്നു’. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഒപ്പിട്ട കത്തിലുണ്ട്. പ്രധാന തസ്‌തികകൾ മുതൽ താൽക്കാലിക ഒഴിവുകളിൽ വരെ സിപിഎം ഇഷ്‌ടക്കാരെ കുത്തിനിറയ്‌ക്കുകയാണെന്ന ആക്ഷേപം സ്ഥിരീകരിക്കുന്നതാണ് കത്ത്.എന്നാൽ താൻ ഇത്തരത്തിലൊരു കത്തിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന തരത്തിലാണ് ആര്യയുടെ പ്രതികരണം.
ഡി.വൈ.എഫ്ഐയുടെ പാർലമെന്റ് മാർച്ചുമായി ബന്ധപ്പെട്ട് ഡൽഹിയിലായിരുന്നുവെന്നും, പാർട്ടിയുമായി ആലോചിച്ച് പ്രതികരിക്കാമെന്നുമാണ് മേയറുടെ മറുപടി.കത്ത് കിട്ടിയിട്ടിലെന്നും, പരിശോധിക്കാമെന്നും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും പ്രതികരിച്ചിട്ടുണ്ട്. മേയർ കോഴിക്കോടാണ്. വിളിച്ചിട്ട് കിട്ടിയിട്ടിലെന്നാണ് ആനാവൂരിന്റെ വിശദീകരണം.സംഭവം പുറത്തായതോടെ സമൂഹ മാദ്ധ്യമങ്ങളിലടക്കം ആര്യയ‌്ക്കെതിരെ കടുത്ത വിമർശനം ഉയരുന്നുണ്ട്. മേയറുടേത് സത്യപ്രതിജ്ഞാലംഘനമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.