സബ്‌രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന, കണ്ടെത്തിയത് കണക്കിൽപ്പെടാത്ത 60,000-ത്തോളം രൂപ

തിരുവനന്തപുരം: കാട്ടാക്കട സബ്‌രജിസ്ട്രാർഓഫീസിൽ വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി. കണക്കിൽ പെടാത്ത 60,000 രൂപ പരിശോധന സംഘം പിടിച്ചെടുത്തു. പഴയ റെക്കോർഡുകൾ സൂക്ഷിച്ചിരുന്ന മുറിയിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും ഓഫീസിലുണ്ടായിരുന്ന ഒരു ഏജന്റിൽ നിന്നുമാണ് തുക കണ്ടെടുത്തത്.
ഓൺലൈൻ ആധാര രജിസ്ട്രേഷനിൽ ഉദ്യോഗസ്ഥ അനാസ്ഥ നിലനിൽക്കുന്നതായും ആധാരം എഴുത്തുകാരിൽ നിന്നും പണം കൈപ്പറ്റുന്നതായും തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ- 2, എസ്പി അജയകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്. കൈക്കൂലിയിടപാടിൽ പങ്കുള്ല ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. ആവശ്യക്കാർ ആധാരം രജിസ്ട്രർ ചെയ്യാനായി ഓൺലൈൻ മുഖാന്തരം അപേക്ഷിച്ചാലും കൈക്കൂലി ലഭിക്കാതെ ഉദ്യോഗസ്ഥർ തുടർ നടപടി സ്വീകരിക്കാൻ തയ്യാറാകാറില്ലെന്ന് വ്യക്തമായതായി പരിശോധനയുടെ ഭാഗമായ വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.