ഇനി ടൈപ്പിസ്റ്റ് തസ്‌തികയില്ല, ക്ലാർക്കുമാർ കമ്പ്യൂട്ടർ അറിയണം

തിരുവനന്തപുരം: സർക്കാർ സർവീസിൽ ടൈപ്പിസ്റ്റ് തസ്തികകൾ നിറുത്തലാക്കുന്നു. പകരം ക്ലാർക്ക്, അസിസ്റ്റന്റ് തസ്തികയിൽ പുതുതായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ടൈപ്പിംഗ് വേഗം നിർബന്ധമാക്കി. ഇതോടെ ഫയലെഴുത്തും ഓർഡറുകൾ ടൈപ്പ് ചെയ്യലുമെല്ലാം ഈ തസ്‌തികയിലുള്ളവരുടെ ഡ്യൂട്ടിയായി മാറും. സെക്രട്ടേറിയറ്റിലുൾപ്പെടെ വിവിധവകുപ്പുകളിൽ അസിസ്റ്റന്റ്, ക്ലാർക്ക് ജോലിയിൽ പ്രവേശിക്കുന്നവർക്ക് പ്രൊബേഷൻ പൂർത്തിയാക്കുന്നതിന് കമ്പ്യൂട്ടറിൽ ടൈപ്പിംഗ് വേഗത നിർബന്ധമാക്കി മുമ്പ് ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പ്ഉത്തരവിറക്കിയിരുന്നു.
സെക്രട്ടേറിയറ്റിൽ ടൈപ്പിസ്റ്റുമാരിൽ യോഗ്യതയുള്ളവരെ പുനർ വിന്യാസത്തിലൂടെ അസിസ്റ്റന്റ് തസ്തികയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഒപ്പം നിരവധി ടൈപ്പിസ്റ്റ് തസ്തികകൾ നിറുത്തലാക്കി. കേരള വാട്ടർ അതോറിറ്റി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും ടൈപ്പിസ്റ്റ് തസ്തികകൾ വെട്ടിക്കുറച്ചു.
ചില വകുപ്പുകൾ ടൈപ്പിസ്റ്റ് തസ്തികകൾ ക്ലാർക്കിന്റേതാക്കി മാറ്റുകയും ചെയ്തു.ക്ലാർക്ക്, അസിസ്റ്റന്റ് തസ്തികയിൽ പുതുതായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രൊബേഷൻ പൂർത്തിയാക്കാൻ കമ്പ്യൂട്ടർ പരിജ്ഞാനത്തിനൊപ്പം മലയാളത്തിൽ മിനിറ്റിൽ 15 വാക്കും ഇംഗ്ലീഷിൽ മിനിറ്റിൽ 20 വാക്കും ടൈപ്പിംഗ് വേഗത വേണം. കെ.ജി.ടി.ഇ ടൈപ്പ്റൈറ്റിംഗ് (ലോവർ), കമ്പ്യൂട്ടർ വേഡ് പ്രോസസിംഗ് (മലയാളം, ഇംഗ്ലീഷ്) പരീക്ഷ വിജയിച്ചവരെ ഇതിൽ നിന്ന് ഒഴിവാക്കും.