തൊഴിലുറപ്പ് പദ്ധതി: ഇരിട്ടി ബ്ലോക്കിൽ ഓംബുഡ്സ്മാൻ സിറ്റിങ് നടത്തി; തില്ലങ്കേരിയിൽ കൃഷിയിടത്തിലെത്തി

ഇരിട്ടി : തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നു പരാതി സ്വീകരിക്കുന്നതിനും തീർപ്പു കൽപിക്കുന്നതിനും ആയി ജില്ല ഓംബുഡ്സ്മാൻ കെ.എം.രാമകൃഷ്ണൻ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ സിറ്റിങ് നടത്തി. തില്ലങ്കേരി പഞ്ചായത്തിലെ പൂമരത്ത് തൊഴിലുറപ്പു ജോലി നേരിട്ടെത്തി കണ്ടു.
സിറ്റിങ്ങിൽ ആറളം പഞ്ചായത്തിൽ നിന്നുള്ള 3 പരാതികൾ പരിശോധിച്ചു. പോരായ്മ പരിഹരിക്കാൻ നിർദേശവും സംശയങ്ങൾക്കുള്ള മറുപടിയും നൽകി. പരാതിക്കാരും ബന്ധപ്പെട്ട ബ്ലോക്ക് – പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ജീവനക്കാരും സിറ്റിങ്ങിൽ ഹാജരായി.ബിഡിഒ ഏബ്രാഹം തോമസ്, ജോയിന്റ് ബിഡിഒമാരായ പി.ദിവാകരൻ, ടി.വി.രഘുവരൻ, എക്സ്റ്റൻഷൻ ഓഫിസർ അബ്ദുല്ല,
അസിസ്റ്റന്റ് എൻജിനീയർ സിജോയി ശ്രീധർ, ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പു പദ്ധതി ജീവനക്കാരായ ഗീതു പ്രകാശ്, കെ.പ്രഭിഷ, കെ.വി.വനിഷ എന്നിവർ പങ്കെടുത്തു. തില്ലങ്കേരി പൂമരത്ത് പദ്ധതി പ്രദേശം സന്ദർശിക്കുമ്പോൾ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.കെ.രതീഷ്, അംഗം പി.ഡി.മനീഷ, തൊഴിലുറപ്പു ജീവനക്കാർ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.
ഓംബുഡ്സ്മാൻ നൽകിയ നിർദേശങ്ങൾ
∙ പ്രവൃത്തി സ്ഥലങ്ങളിൽ ലഭ്യമാക്കിയ എസ്റ്റിമേറ്റ് പ്രകാരം അളവുകൾ രേഖപ്പെടുത്തിയ സ്കെച്ചും പ്ലാനും മേറ്റുമാർക്ക് കൈമാറുകയും തൊഴിലാളികൾക്ക് പ്രവൃത്തി സംബന്ധമായ വിവരങ്ങൾ നൽകുകയും വേണം.
∙ തൊഴിലാളികൾക്ക് ബൂട്ട്, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ നൽകുന്നതിന് പഞ്ചായത്ത് പ്രത്യേകം ശ്രദ്ധിക്കണം.
∙ എല്ലാ മാസവും റോസ്ഗാർ ദിവസ് ആചരിക്കണം.
∙ തൊഴിലാളികളുടെ തൊഴിൽ കാർഡിൽ കൃത്യമായ രേഖപ്പെടുത്തൽ നടത്തുന്നതിനു മേറ്റുമാർക്ക് ബ്ലോക്ക് പഞ്ചായത്ത് പരിശീലനം നൽകണം.
∙ വ്യക്തിഗത ആനുകൂല്യങ്ങൾ ആവശ്യം ഉള്ളവർ അപേക്ഷ സമർപ്പിക്കണമെന്നും ഇവർക്കു ചെയ്യേണ്ട പ്രവൃത്തികൾ സമയബന്ധിതമായി ചെയ്തു കൊടുക്കണമെന്നും നിർദേശം.
∙ ഡിമാൻഡ് ചെയ്ത മസ്റ്റർ റോളിൽ പേർ ഉൾപ്പെട്ടവർ പ്രവൃത്തി സ്ഥലത്തു ഹാജരാകാതെ ലീവ് ആകുന്ന പ്രവണത ഒഴിവാക്കണം.
∙ തൊഴിലാളികൾ മികവു പരിശീലന പരിപാടിയിലൂടെ വിദഗ്ധ തൊഴിലാളികളായി മാറണം.