കോയമ്പത്തൂർ സ്ഫോടനം: പ്രതി പിന്തുടർന്നത് ഐ.എസ് ആചാരങ്ങൾ

ചെന്നൈ: കോയമ്പത്തൂർ സംഗമേശ്വരർ ക്ഷേത്രത്തിന് സമീപം കാറിൽ ചാവേർ സ്ഫോടനം നടത്തിയ ജമേഷ മുബീൻ ആക്രമണത്തിനായി ഇസ്ലാമിക് സ്റ്റേറ്റ് “ആചാരങ്ങൾ’ പിന്തുടർന്നതായി വെളിപ്പെടുത്തി തമിഴ്നാട് പോലീസ്.
കേസ് എൻ.ഐ.എ ഏറ്റെടുക്കുന്നതിന് മുന്പ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ഈ വിവരം പുറത്തുവിട്ടത്.
സ്ഫോടനം നടത്തുന്നതിന് മുന്പായി ഐ.എസ് ചാവേറുകളുടെ മാതൃകയിൽ മുബിൻ ശരീരത്തിലെ രോമങ്ങൾ നീക്കം ചെയ്തിരുന്നതായി പോസ്റ്റ് മോർട്ടത്തിൽ തെളിഞ്ഞു. ആക്രമണത്തിന് മുന്പായി താമസസ്ഥലത്ത് ചോക്ക് ഉപയോഗിച്ച് ഐ.എസ് പതാക വരയ്ക്കുകയും പ്രാർഥന നടത്തുകയും ചെയ്തു.
ശ്രീലങ്കയിൽ 2019-ൽ ഈസ്റ്റർ ദിനം നടന്ന സ്ഫോടനങ്ങളുടെ മുഖ്യ സൂത്രധാരനായ മൗലവി സഹറാൻ ബിൻ ഹാഷിമിന്റെ വീഡിയോകൾ സ്ഥിരമായ കണ്ടിരുന്ന മുബിൻ, യുവാക്കൾ വിശുദ്ധ യുദ്ധത്തിൽ പങ്കെടുത്ത് കടമ നിർവഹിക്കണമെന്ന സന്ദേശം പേപ്പറിൽ കുറിച്ച് വച്ചിരുന്നു. മനുഷ്യർ വിശ്വാസികളായും കാഫിറുകളായും വിഭജിക്കപ്പെട്ടിരിക്കുന്നവെന്നും വാളേന്തി പോരാടണമെന്നും കുറിപ്പിൽ പറയുന്നു.
ഒക്ടോബർ 23-നാണ് കാറിൽ തുറന്ന് വച്ച എൽപിജി സിലിണ്ടറുകളുമായി മുബിൻ സംഗമേശ്വരർ ക്ഷേത്രത്തിന് മുന്പിലുള്ള റോഡിൽ സ്ഫോടനം നടത്തിയത്. സംഭവത്തിൽ മറ്റാർക്കും ജീവഹാനി സംഭവിക്കുകയോ പരിക്ക് ഏൽക്കുകയോ ചെയ്തിരുന്നില്ല.