നെല്ലിക്കുന്നിൽ തോരാതെ ‘കണ്ണീർമഴ’

Share our post

ശ്രീകണ്ഠപുരം: കുടിയേറ്റ കർഷക ഗ്രാമത്തിൽ ബുധനാഴ്‌ച തുലാമഴയെ മറികടന്ന കണ്ണീർമഴയാണ് പെയ്തത്. ഒരു കുടുംബത്തിലെ അച്ഛനും മകനും സ്വന്തം വീട്ടുമുറ്റത്തെ കിണറ്റിൽ കാർ മറിഞ്ഞ് മരിച്ചതിന്റെ സങ്കടക്കോളായിരുന്നു ആലക്കോട് നെല്ലിക്കുന്ന് ഗ്രാമത്തിന്.

നെല്ലിക്കുന്നിലെ താരാമംഗലത്ത് മാത്തുക്കുട്ടി (58), ഇളയ മകൻ വിൻസ് മാത്യു (18) എന്നിവരാണ് മരിച്ചത്. രാവിലെ വീട്ടിൽനിന്ന് കാറുമായി പുറത്തിറങ്ങുന്നതിനിടെയായിരുന്നു ദുരന്തം. മുറ്റത്തുവെച്ച് നിയന്ത്രണംവിട്ട കാർ ആൾമറ തകർത്ത് കിണറിലേക്ക് പതിക്കുകയായിരുന്നു.

ശബ്ദംകേട്ട് നിലവിളിച്ച് ഓടിയെത്തിയവരും വിവരമറിഞ്ഞെത്തിയ പൊലീസും അഗ്നിരക്ഷാ സേനയും ഏറെ പണിപ്പെട്ടാണ് കിണറ്റിൽനിന്ന് മാത്തുക്കുട്ടിയെയും മകൻ വിൻസിനെയും പുറത്തേക്കെത്തിച്ചത്. എന്നാൽ, പ്രാർഥന വിഫലമാക്കി ഇരുവരും മരണത്തിന് കീഴടങ്ങി.

നാട്ടിലെല്ലാം നല്ല പേരുള്ള കുടുംബത്തിലെ രണ്ട് ജീവൻ ഇല്ലാതായതിന്റെ സങ്കടം അണപൊട്ടിയൊഴുകുകയായിരുന്നു പിന്നീട്. മാനന്തവാടി സഹായമെത്രാൻ മാര്‍ അലക്‌സ് താരാമംഗലത്തിന്റെ സഹോദരനാണ് മാത്തുക്കുട്ടി.

കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുത്ത് ചൊവ്വാഴ്ച രാത്രിയാണ് മാത്തുക്കുട്ടിയും കുടുംബാംഗങ്ങളും വീട്ടില്‍ തിരിച്ചെത്തിയത്. അതിന്റെ ആഹ്ലാദം തീരുംമുമ്പേയെത്തിയ ദുരന്തം ഈ വീടിനും നാടിനും താങ്ങാവുന്നതായിരുന്നില്ല. രാഹുൽ ഗാന്ധി എം.പി, സജീവ് ജോസഫ് എം.എൽ.എ, ബിഷപ് ജോസ് പെരുന്നേടം എന്നിവരടക്കം അനുശോചനം രേഖപ്പെടുത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!