വഴക്കിട്ടതിന് പിന്നാലെ മരിക്കാൻ പോകുന്നുവെന്ന് ഭർത്താവിന് സന്ദേശം അയച്ചു; പുലർച്ചെ കണ്ടത് മൂന്നുപേരുടെയും മൃതദേഹം

മലപ്പുറം: കോട്ടയ്ക്കൽ ചെട്ടിയാംകിണറിൽ മാതാവിനെയും രണ്ട് പെൺമക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ കുടുംബപ്രശ്നമെന്ന് നിഗമനം. നാംകുന്നത്ത് റാഷിദ് അലിയുടെ ഭാര്യ സഫ്‌വ(26), മക്കളായ ഫാത്തിമ മർസീഹ(4), മറിയം(1) എന്നിവരെയാണ് ഇന്ന് പുലർച്ചെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റാഷിദ് അലിയാണ് ഇവരുടെ മരണ വിവരം നാട്ടുകാരെയും പൊലീസിനെയും അറിയിച്ചത്.
കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു സഫ്‌വയുടെ മൃതദേഹം. മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം. ഇന്നലെ രാത്രി സഫ്‌വയും മക്കളും ഒരു മുറിയിലും റാഷിദ് മറ്റൊരു മുറിയിലുമാണ് ഉറങ്ങാൻ കിടന്നത്. സഫ്‌വയും റാഷിദ് അലിയുമായി വഴക്കുണ്ടായതായി ബന്ധുക്കൾ പറയുന്നു. പുലർച്ചെ മൂന്നിന് താൻ മരിക്കാൻ പോകുന്നതായി സഫ്‌വ റാഷിദിന് സന്ദേശം അയച്ചിരുന്നു. അഞ്ച് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഗൾഫിൽ ജോലി ചെയ്തിരുന്ന റാഷിദ് ആറ് മാസം മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്.