തലശ്ശേരി : റവന്യു ജില്ലാ ശാസ്ത്രോത്സവത്തിൽ 472 പോയിന്റുമായി ഇരിട്ടി ഉപജില്ല മുന്നിൽ. 468 പോയിന്റ് നേടി മട്ടന്നൂർ രണ്ടാമതും 464 പോയിന്റോടെ തലശ്ശേരി നോർത്ത് മൂന്നാമതുമുണ്ട്. സ്കൂൾ തലത്തിൽ 188 പോയിന്റ് നേടിയ മമ്പറം എച്ച്എസ്എസാണ് ഒന്നാമത്. 159 പോയിന്റ് നേടിയ മൊകേരി രാജീവ് ഗാന്ധി എംഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തുണ്ട്. 143 പോയിന്റ് നേടി കൂടാളി എച്ച്എസ്എസ് മൂന്നാമതെത്തി. എച്ച്എസ് വിഭാഗം ശാസ്ത്രമേളയിൽ 41 പോയിന്റ് നേടി തലശ്ശേരി നോർത്ത് മുന്നിട്ടു നിൽക്കുമ്പോൾ 25 പോയിന്റുമായി മട്ടന്നൂരും 23 പോയിന്റുമായി പാനൂർ ഉപജില്ലകളും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
എച്ച്എസ് വിഭാഗം ഗണിതശാസ്ത്ര മേളയിൽ 115 പോയിന്റോടെ തലശ്ശേരി നോർത്ത് ഉപജില്ലയാണു മുന്നിൽ. 96 പോയിന്റുമായി ഇരിക്കൂറും മട്ടന്നൂരും നിലയുറപ്പിക്കുമ്പോൾ 95 പോയിന്റോടെ പാനൂർ മൂന്നാമതെത്തി. എച്ച്എസ് വിഭാഗം സാമൂഹിക ശാസ്ത്രമേളയിൽ 13 പോയിന്റ് നേടി പയ്യന്നൂരും മട്ടന്നൂരും തുല്യത പാലിക്കുമ്പോൾ 12 പോയിന്റ് നേടി കൂത്തുപറമ്പും 8 പോയിന്റോടെ കണ്ണൂർ നോർത്തും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. എച്ച്എസ് വിഭാഗം പ്രവൃത്തിപരിചയമേളയിൽ 28 പോയിന്റ് നേടി തലശ്ശേരി സൗത്ത് ഉപജില്ലയാണു മുന്നിൽ.
24 പോയിന്റോടെ ചൊക്ലിയും 21 പോയിന്റോടെ മാടായിയും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. എച്ച്എസ് വിഭാഗം ഐടി മേളയിൽ 46 പോയിന്റ് നേടി ഇരിട്ടി ഉപജില്ലയാണു മുന്നിൽ. 41വീതം പോയിന്റ് നേടി പയ്യന്നൂരും കണ്ണൂർ നോർത്തും നിലയുറപ്പിക്കുമ്പോൾ 40 പോയിന്റോടെ തലശ്ശേരി നോർത്ത് തൊട്ടു പിറകിലുണ്ട്. തലശ്ശേരി സെന്റ് ജോസഫ് എച്ച്എസ്എസിൽ ശാസ്ത്രമേളയും ബിഇഎംപിഎച്ച്എസ്എസിൽ സാമൂഹിക ശാസ്ത്രമേളയും മുബാറക് എച്ച്എസ്എസിൽ പ്രവൃത്തി പരിചയമേളയും ഗവ.ബ്രണ്ണൻ എച്ച്എസ്എസിൽ ഐടി മേളയും സേക്രഡ് ഹാർട്ട് ഗേൾസ് എച്ച്എസ്എസിൽ ഗണിതശാസ്ത്രമേളയും ഇന്നലെ ആരംഭിച്ചു. ശാസ്ത്രോത്സവം ഇന്ന് സമാപിക്കും.
കൈ താഴ്ത്തി പറിക്കണം ഈ പപ്പായകൾ
കൈ താഴ്ത്തി പറിക്കാവുന്ന രീതിയിൽ ചുവട്ടിൽ തന്നെ കായകളുണ്ടാകുന്ന പപ്പായമരം. മൗണ്ട് ഗ്രാഫ്റ്റിങ് എന്ന പുതിയ കൃഷിരീതി ഉപയോഗിച്ച് കെ.അനുമോദ് എന്ന പത്താം ക്ലാസ് വിദ്യാർഥി വികസിപ്പിച്ചെടുത്തതാണ് ഒട്ടേറെ ശാഖകളുള്ള ഈ പപ്പായമരം. കേടു വന്നതോ, പഴക്കമേറിയതോ ആയ പപ്പായ മരത്തിന്റെ ചുവടുവെട്ടി പ്രത്യേക തരത്തിൽ മണ്ണു പൊതിഞ്ഞു വച്ചാണ് ഗ്രാഫ്റ്റിങ്. മണ്ണിൽ നിന്നു പുതിയ ശാഖകൾ മുളപൊട്ടും. ഓരോ ശാഖയും വളരുന്നതു നിറയെ പൂക്കളും കായകളുമായാണ്. അങ്ങനെ കൈതാഴ്ത്തി വിളവെടുക്കാവുന്ന തരത്തിലുള്ള ഒരു കുറ്റിച്ചെടിയായി പപ്പായമരം മാറും. സാധാരണ തരുന്നതിനെക്കാൾ മൂന്നോ നാലോ ഇരട്ടി ഫലവും തരും. പയ്യന്നൂർ എസ്എച്ച്ജിഎഎച്ച്എസ്എസിലെ വിദ്യാർഥിയാണ് അനുമോദ്.
മദ്യപിച്ച് വാഹനം ഓടിക്കാമെന്നോ, നടക്കില്ല !
മദ്യപിച്ച ശേഷം വാഹനമോടിക്കാനോ? കൊളവല്ലൂർ പിആർഎംകെഎച്ച്എസ്എസ് വിദ്യാർഥികളായ അദ്വൈത് എം.ശശിയും എം.കെ.അഭയ് രാജും പറയുന്നത് നടക്കില്ലെന്നാണ്. മദ്യപിച്ച് ഡ്രൈവിങ് സീറ്റിൽ കയറിയാൽ വാഹനത്തിന്റെ എൻജിൻ സ്വയം പ്രവർത്തനം നിർത്തും. ഹൈസ്കൂൾ വിഭാഗം ശാസ്ത്രമേളയിൽ വർക്കിങ് മോഡലുകളുടെ വിഭാഗത്തിൽ ഏറ്റവും ശ്രദ്ധ നേടിയ മോഡലുകളിലൊന്നായിരുന്നു മൂന്നു തരം സുരക്ഷാ സംവിധാനങ്ങളുള്ള ഇവരുടെ ടാങ്കർ ലോറി. പ്രധാന സുരക്ഷാ സംവിധാനം മദ്യപിച്ചുള്ള ഡ്രൈവിങ് തടയലാണ്. ഓട്ടമാറ്റിക് ആയി വാഹനത്തിൽ ഡിം ലൈറ്റും ബ്രൈറ്റ് ലൈറ്റും പ്രവർത്തിപ്പിക്കുന്ന സംവിധാനമാണ് വാഹനാപകടം കുറയ്ക്കാനുള്ള രണ്ടാമത്തെ കണ്ടുപിടിത്തം. ബുള്ളറ്റ് ടാങ്കർ പോലുള്ള വലിയ വാഹനങ്ങൾ തിരിക്കുമ്പോൾ ഡ്രൈവറെ സഹായിക്കാനായുള്ള ടിൽറ്റിങ് അലർട്ട് സംവിധാനവും ഇവർ ഒരുക്കിയിട്ടുണ്ട്.
മരപ്പണിയിൽ ഇവൾ മിടുമിടുക്കിബെഞ്ചും ഡെസ്കും തുടങ്ങി വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറെല്ലാം സ്വന്തമായുണ്ടാക്കണമെന്നതാണ് കീർത്തനയുടെ ആഗ്രഹം. അച്ഛനിൽ നിന്നാണ് ചെറുകുന്ന് ജിജിവിഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാർഥിയായ സി.കീർത്തന മരപ്പണികൾ പഠിച്ചത്. ആൺകുട്ടികൾ മാത്രം സാധാരണയായി മത്സരിക്കാറുള്ള വുഡ്‌വർക് ഇനത്തിൽ മത്സരിച്ച ഏക പെൺകുട്ടിയും കീർത്തനയായിരുന്നു. വീട്ടിലേക്കുള്ള ഒട്ടേറെ ഉപകരണങ്ങൾ കീർത്തന സ്വന്തമായി ഉണ്ടാക്കിയിട്ടുണ്ട്. മരപ്പണി നന്നായി അറിയുമെങ്കിലും മത്സരത്തിൽ പങ്കെടുക്കുന്നത് ആദ്യമായാണെന്നും കീർത്തന പറയുന്നു.
വൈഫൈ അല്ല, ഇനി ലൈഫൈസെക്കൻഡിന്റെ ഒരു അംശം പോലും ആവശ്യമില്ലാത്ത ഹൈ സ്പീഡ് ഡേറ്റാ ട്രാൻസ്ഫർ. വൈഫൈയെക്കാൾ വേഗമേറിയ ലൈഫൈ ആണ് മണിക്കടവ് സെന്റ് തോമസ് എച്ച്എസ്എസിലെ ഫ്രെഡിൻ മാത്യുവും അലീഷ ബിനുവും ശാസ്ത്രമേളയിൽ അവതരിപ്പിച്ചത്. വൈഫൈയിൽ ഡേറ്റ കൈമാറാൻ റേഡിയോ തരംഗങ്ങളാണ് ഉപയോഗിക്കുന്നതെങ്കിൽ ഇവിടെ ഉപയോഗിക്കുന്നത് പ്രകാശതംരഗങ്ങളാണ്. ലൈറ്റ് വേവ്സ് ഉപയോഗിക്കുന്നതിനാലാണ് ലൈഫൈ എന്ന പേര്. പ്രകാശ തരംഗങ്ങളുടെ ഉപയോഗത്തിലൂടെ ഡേറ്റാ സ്പീഡ് 100 ഇരട്ടി വർധിപ്പിക്കാമെന്ന് വിദ്യാർഥികൾ അവകാശപ്പെടുന്നു. ഫോണിൽ നിന്ന് അയയ്ക്കുന്ന അതേ നിമിഷത്തിൽ തന്നെ സ്പീക്കറിൽ ഈ ശബ്ദസന്ദേശം കേൾപ്പിച്ചാണ് വിദ്യാർഥികൾ വേഗമേറിയ ലൈഫൈയുടെ വർക്കിങ് മോഡൽ ഒരുക്കിയത്.