ഉദ്യോഗസ്ഥർ കാടുകയറി; വിദ്യാർഥികൾ കാടിറങ്ങി
കൽപ്പറ്റ: ഓണത്തിന് സ്‌കൂൾ അടച്ചപ്പോൾ ഊരിൽ പോയതായിരുന്നു. പിന്നീടവർ തിരികെ എത്തിയില്ല. അധ്യാപകരും പട്ടികവർഗ ഉദ്യോഗസ്ഥരും നിരന്തരം ശ്രമിച്ചിട്ടും കാടിറങ്ങാൻ തയ്യാറായില്ല. ഒടുവിൽ വിദ്യാർഥികളെ തേടി പൊലീസും മറ്റുജീവനക്കാരും നിലമ്പൂർ കാട്ടിലെ പരപ്പൻപാറ ചോലനായ്‌ക്ക സെറ്റിൽമെന്റിലെത്തി. രണ്ടിലും മൂന്നിലും പഠിക്കുന്ന നാലുപേരെ കണ്ടെത്തി നൂൽപ്പുഴയിലെ ഹോസ്‌റ്റലിൽ എത്തിച്ചു.നൂൽപ്പുഴ രാജീവ് ഗാന്ധി മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർഥികളാണിവർ. കാട്ടുനായ്‌ക്ക, ചോലനായ്‌ക്ക വിഭാഗങ്ങൾക്കായി മാത്രമുള്ള സംസ്ഥാനത്തെ ഏക വിദ്യാലയമാണിത്.
പരപ്പൻപാറയിലെ 17 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്.ഓണത്തിന് വീട്ടിൽ പോയവരിൽ മൂന്നുപേരാണ് സ്വമേധയാ എത്തിയത്. എട്ടുപേരെ നേരത്തെ സ്‌കൂൾ അധികൃതർ തിരികെ എത്തിച്ചു. ബാക്കിയുള്ളവരെ തേടി മേപ്പാടി ജനമൈത്രി പൊലീസിലെ വിനോദ്, മോഹനൻ, തണ്ടർബോൾട്ട് സേനാംഗം ശ്രീരാജ്, ഫോറസ്‌റ്റർ സുനിൽ, പ്രൊമോട്ടർ രമേശ് എന്നിവരാണ് കാടുകയറിയത്.
ദുർഘടപാതയിലൂടെയായിരുന്നു സഞ്ചാരം. വിദ്യാർഥികൾ പരപ്പൻപാറയിൽനിന്ന് ഏറെ താഴേക്ക് പോയിരുന്നു. ഇവിടെയുള്ളവരുമായി ബന്ധപ്പെട്ട് നാലുപേരെ കണ്ടെത്തി വടുവഞ്ചാലിൽ എത്തിച്ചു. സ്‌കൂൾ പ്രധാനാധ്യാപകൻ കെ പി ഷാജു, സീനിയർ അസിസ്‌റ്റന്റ് എൻ സി അശോകൻ എന്നിവർ ഇവിടെയെത്തി വിദ്യാർഥികളെ ഹോസ്‌റ്റലിലേക്ക് കൊണ്ടുപോയി. ബത്തേരി ഡിടിഒ ജി പ്രമോദും വിദ്യാർഥികളെ സ്‌കൂളിലെത്തിക്കാൻ ഇടപെടലുകൾ നടത്തി.
