‘കാടിന്റെ നിറങ്ങൾ ” പ്രദർശനവും, ഗ്രന്ഥ പ്രകാശനവും ആറിന്

മാഹി: മയ്യഴി സ്വദേശിയായ പ്രശസ്ത വന ഛായാഗ്രാഹകനും, പരിസ്ഥിതി പ്രവർത്തകനുമായ അസീസ് മാഹിയുടെ സമഗ്ര സംഭാവനകളെ മുൻനിർത്തി മയ്യഴി പൗരാവലിയും സുഹൃദ്സംഘവും ചേർന്ന് മാഹി മലയാള കലാഗ്രാമത്തിൽ ആറിന് വൈകിട്ട് അദ്ദേഹത്തെ ആദരിക്കുന്നു. അസീസ് മാഹിയുടെ തിരഞ്ഞെടുത്ത വനചിത്രങ്ങളുടെ പ്രദർശനം’100 പാദമുദ്രകൾ ‘ കലാഗ്രാമം എം.വി. ദേവൻ ആർട്ട് ഗാലറിയിൽ വൈകിട്ട് മൂന്ന് മണിക്ക് ഷാജി എൻ. കരുൺ ഉദ്ഘാടനം ചെയ്യും.
പ്രദർശനം 13 വരെ തുടരും.ഇതോടൊപ്പം, ‘ കാടിന്റെ നിറങ്ങൾ ‘ എന്ന അസീസ് മാഹിയുടെ ഗ്രന്ഥം കോളമിസ്റ്റും പ്രമുഖ നടനുമായ ജോയ് മാത്യുവിന് നൽകിക്കൊണ്ട് എഴുത്തുകാരൻ എം. മുകുന്ദൻ പ്രകാശനം ചെയ്യും. മയ്യഴി എം.എൽ.എ രമേഷ് പറമ്പത്തിന്റെ അദ്ധ്യക്ഷതയിൽ ഷാജി എൻ. കരുൺ പരിപാടി ഉദ്ഘാടനം ചെയ്യും. പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ്, അസീസ് മാഹിക്ക് മയ്യഴിയുടെ ആദരം സമർപ്പിക്കും.
പ്രദർശന ദിനങ്ങളിൽ മലയാള കലാഗ്രാമത്തിൽ ദിവസവും പ്രഗത്ഭർ സംവദിക്കുന്ന സെമിനാറുകൾ ഉണ്ടായിരിക്കും. പ്രദർശന ചിത്രങ്ങൾ വിൽപന നടത്തി ലഭിക്കുന്ന തുക തലശ്ശേരി മലബാർ കാൻസർ സെന്ററിലെ കുട്ടികളായ രോഗികൾക്ക് സംഭാവന ചെയ്യും. വാർത്താ സമ്മേളനത്തിൽ ഡോ: വി.കെ വിജയൻ, രാജേഷ് വി ശിവദാസ്, ചാലക്കര പുരുഷു, ബി. ബാലപ്രദീപ്, പി.വി. ചന്ദ്രദാസ് സംബന്ധിച്ചു.