അന്തകനെ കണ്ടെത്തി; തുരത്താനെന്തുവഴി

ഇരിട്ടി: റബർ മരത്തിൽ തുളവീണ് ഉണങ്ങി പൊടിയുതിരുന്നത് കണ്ട പ്രയാസത്തിലാണ് കിളിയന്തറ മുടയരഞ്ഞിയിലെ ഒരപ്പാൻകുഴി ജോർജ് കൃഷിയിടത്തിലെ ശത്രുവിനെ തിരഞ്ഞിറങ്ങിയത്. നാലുവർഷമായി റബർ മരമുണങ്ങുന്നതിന്റെ കാരണം തിരഞ്ഞുള്ള ഗവേഷണത്തിലായിരുന്നു ജോർജ്. നിരന്തര അന്വേഷണങ്ങൾക്കൊടുവിൽ കേരള കാർഷിക സർവകലാശാല വിദഗ്‌ധർ സ്ഥലത്തെത്തി. സർവകലാശാല നടത്തിയ പഠനത്തിൽ അംബ്രോഡിയ ഇനത്തിലെ ‘യൂപ്ലാറ്റിപ്പസ്’ എന്ന കീടമാണ് റബർ മരങ്ങളുടെ അന്തകനാകുന്നതെന്ന് കണ്ടെത്തി. വൃക്ഷങ്ങളിൽ മാരക ഫ്യൂറേസിയം കുമിൾ പ്രസരിപ്പിക്കുന്ന വണ്ടുകളാണിത്.
പഠന റിപ്പോർട്ട് കാർഷിക സർവകലാശാലയിൽ സമർപ്പിച്ചു. റിപ്പോർട്ടിൽ തുടർ നടപടിവേണമെന്നാണ് ജോർജിന്റെ ആവശ്യം. റബർ ബോർഡാണ് മുൻകൈയെടുക്കേണ്ടത്. മരുന്ന് കണ്ടുപിടിച്ചില്ല. കടപ്ലാവ്, ആഞ്ഞിലി, കവുങ്ങ് മരങ്ങളിലേക്കും കീടബാധ വ്യാപിക്കുകയാണ്. ജോർജിന്റെ അപേക്ഷ പരിഗണിച്ച് കണ്ണൂർ കാർഷിക വിജ്ഞാനകേന്ദ്രം മേധാവി ഡോ. പി ജയരാജ്, ഡോ. കെ പി മഞ്ജു, കെ എം പി ഷഹനാസ് എന്നിവരുടെ നേതൃത്വത്തിൽ വിദഗ്‌ധസംഘം കീടബാധയേറ്റ റബർ തോട്ടങ്ങൾ സന്ദർശിച്ചു. സംഘം റിപ്പോർട്ട് കൃഷിവകുപ്പിന് കൈമാറും.